'രാഹുൽ ​ഗാന്ധി സുധാകരന്റെയും സതീശന്റെയും നിലവാരത്തിൽ സംസാരിക്കരുത്'; വിമർശനവുമായി എംഎ ബേബി

Published : Jul 03, 2022, 05:55 PM IST
'രാഹുൽ ​ഗാന്ധി സുധാകരന്റെയും സതീശന്റെയും നിലവാരത്തിൽ സംസാരിക്കരുത്'; വിമർശനവുമായി എംഎ ബേബി

Synopsis

'ആർഎസ്എസിനെ നേരിടാനുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രം കോൺഗ്രസിന് ഇല്ല. ആർഎസ്എസ് ഹിന്ദു രാഷ്ട്രം എന്ന് പറയുമ്പോൾ കോൺ​ഗ്രസ് ഹിന്ദു രാജ്യം എന്ന് പറയുന്നു. ആർഎസ്എസിനെതിരായ ബദൽ പ്രത്യയശാസ്ത്രം മുന്നോട്ട് വയ്ക്കുന്നത് ഇടതുപക്ഷമാണ്'.

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവും എംപിയുമായ രാഹുൽ ​ഗാന്ധി കുറച്ചുകൂടി ഉത്തരവാദിത്തം കാണിയ്ക്കണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അം​ഗം എംഎ ബേബി. സിപിഎമ്മും ബിജെപിയും ധാരണയാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെയാണ് ബേബി രം​ഗത്തെത്തിയത്. കെ സുധാകരൻറെയും വിഡി സതീശൻറെയും സംസ്ഥാന രാഷ്ട്രീയനിലവാരത്തിൽ അല്ല കോൺഗ്രസിന്റെ ഉന്നത നേതാവായ രാഹുൽഗാന്ധി സംസാരിക്കേണ്ടതെന്നും എംഎ ബേബി വ്യക്തമാക്കി.

സിപിഎമ്മും ബിജെപിയും ധാരണയിലാണെന്ന് രാഹുൽ ഗാന്ധിക്ക് ശരിക്കും അഭിപ്രായമുണ്ടോ? ഇടതുപക്ഷത്തിന്റെ പങ്ക് ഇല്ലാത്ത ഒരു പ്രതിപക്ഷ ഐക്യമാണോ കോൺഗ്രസ് ഹൈക്കമാൻഡായ രാഹുൽഗാന്ധി വിഭാവനം ചെയ്യുന്നത്. രാജ്യത്തെ പ്രതിപക്ഷത്തെ അനേകം നേതാക്കളും പ്രവർത്തകരും ബിജെപിയിലേക്ക് ചേക്കേറുകയാണെന്നും ബേബി കുറിച്ചു. 

ആർഎസ്എസിനെ നേരിടാനുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രം കോൺഗ്രസിന് ഇല്ല. ആർഎസ്എസ് ഹിന്ദു രാഷ്ട്രം എന്ന് പറയുമ്പോൾ കോൺ​ഗ്രസ് ഹിന്ദു രാജ്യം എന്ന് പറയുന്നു. ആർഎസ്എസിനെതിരായ ബദൽ പ്രത്യയശാസ്ത്രം മുന്നോട്ട് വയ്ക്കുന്നത് ഇടതുപക്ഷമാണ്. അതുകൊണ്ടാണ് ആർഎസ്എസ് ഇടതുപക്ഷത്തെ ഒന്നാം നമ്പർ ശത്രുവായി കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

എംഎ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പ്


കോൺഗ്രസ് ഹൈക്കമാൻഡ് ആയ രാഹുൽ ഗാന്ധി കുറച്ചു കൂടെ ഉത്തരവാദിത്തത്തോടെ അഭിപ്രായം പറയണം. സിപിഐഎമ്മും ബിജെപിയും ധാരണയിലാണെന്ന് രാഹുൽ ഗാന്ധിക്ക് ശരിക്കും അഭിപ്രായമുണ്ടോ? ഇന്ത്യയിലെ പ്രതിപക്ഷത്തെ വലിയ കക്ഷിയുടെ – അതിൽനിന്ന് അനേകം നേതാക്കളും പ്രവർത്തകരും ബിജെപി ഉൾപ്പെടെയുള്ളപാർട്ടികളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണെന്നത് മറ്റൊരുകാര്യം – നേതാവായ കോൺഗ്രസ്സിന്റെ ഹൈക്കമാൻഡ് എന്ന ഉത്തരവാദിത്തത്തോടെ വേണം രാഹുൽ ഗാന്ധി സംസാരിക്കാൻ. ഇടതുപക്ഷത്തിന്റെ പങ്ക് ഇല്ലാത്ത ഒരു പ്രതിപക്ഷ ഐക്യമാണോ കോൺഗ്രസ് ഹൈക്കമാൻഡായ രാഹുൽഗാന്ധി വിഭാവനം ചെയ്യുന്നത്?

കെ സുധാകരൻറെയും വിഡി സതീശൻറെയും സംസ്ഥാനരാഷ്ട്രീയനിലവാരത്തിൽ അല്ല കോൺഗ്രസ് ഹൈക്കമാൻഡിന്റെ അനിഷേധ്യ പ്രതീകമായ രാഹുൽഗാന്ധി സംസാരിക്കേണ്ടത്. രാഹുൽ ഗാന്ധി ഒരു കാര്യം മനസ്സിലാക്കണം, ആർഎസ്എസിനെ നേരിടാനുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രം കോൺഗ്രസിന് തല്ക്കാലം ഇല്ല. ഹിന്ദു രാഷ്ട്രം എന്ന് ആർഎസ്എസ് പറയുമ്പോൾ ഹിന്ദു രാജ്യം എന്നാണ് ഹൈക്കമാൻഡിന്റെ അവസാനവാക്കായ രാഹുൽഗാന്ധി പറയുന്നത്. (ഔപചാരികപദവി എ ഐ സി സി അദ്ധ്യക്ഷയായ സ്വന്തം അമ്മയായ ശ്രീമതി സോണിയാഗാന്ധിക്കാണെന്നത് നമുക്കങ്ങ് സൌകര്യപൂർവ്വംമറക്കാം. ) 

ടീസ്റ്റ സെതൽവാദിനെയും ആർബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്യുമ്പോൾ ഹൈക്കമാൻഡ് ഗാന്ധി മണ്ണിൽ തലപൂഴ്ത്തുന്ന ഒട്ടകപ്പക്ഷി ആകുന്നതും നിങ്ങളുടെ നേതൃത്വത്തിന്റെ ആക്ഷേപം വ്യാപകമായപ്പോഴാണ് ജയ്റാം രമേഷിനെക്കൊണ്ട് ഒരുപ്രസ്താവന പുറത്തിറക്കിച്ചത്! ഇത് സംശയരഹിതമായും നിങ്ങളുടെ പ്രത്യശാസ്ത്രത്തിൻറെ പരിമിതി ആണ്. അതുകൊണ്ടാണ് നിങ്ങൾക്ക് ഇന്ത്യയിൽ ആർഎസ്എസിന് ഫലപ്രദമായ ഒരു ബദൽ സൃഷ്ടിക്കാൻ കഴിയാത്തത്.
ആർഎസ്എസിനെതിരായ കൃത്യമായ പ്രത്യയശാസ്ത്രബദൽ മുന്നോട്ട് വയ്ക്കുന്നത് ഇന്ത്യൻ ഇടതുപക്ഷം ആണ്. അതുകൊണ്ടാണ് ആർഎസ്എസ് എപ്പോഴും ഇടതുപക്ഷത്തെ ഒന്നാം ശത്രുവായി കാണുന്നതും.
 

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി