
പാലക്കാട്: പിഎം ശ്രീയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പാർലമെന്‍റിൽ വ്യക്തമാക്കിയതോടെ കേരളത്തിൽ പിഎം ശ്രീ പദ്ധതിയുടെ പേരിൽ കോൺഗ്രസും യുഡിഎഫും വാദങ്ങൾ പൊളിഞ്ഞെന്ന് മുൻ മന്ത്രി എംബി രാജേഷ്. പി എം ശ്രീയിൽ നിന്ന് പിന്മാറിയാൽ കാര്യമായി ഒന്നും സംഭവിക്കില്ലെന്നാണ് കേന്ദ്രം യുഡിഎഫ് എംപിമാരുടെ ചോദ്യങ്ങൾക്ക് പാർലമെന്‍റിൽ മറുപടി നൽകിയിരുന്നു. ഇതോടെയാണ് സിപിഎം നേതാവും മുൻ മന്ത്രിയുമായ എംബി രാജേഷ് പരിഹാസ പോസ്റ്റുമായി രംഗത്തെത്തിയത്. . 'കൺഗ്രാജുലേഷൻസ്, യു ഡി എഫ് എംപിമാരെ അഭിനന്ദിക്കാൻ ഇപ്പോഴാണ് ആദ്യമായി ഒരു അവസരം കിട്ടുന്നത്. ലീഗിന്‍റെ എംപി വഹാബ്ക്കക്കും കോൺഗ്രസ് എംപി ജെബി മേത്തർക്കും ഒരു ലോഡ് അഭിനന്ദനം. എന്തിനാണെന്നല്ലേ? പി എംശ്രീ വിഷയത്തിലെ യു ഡി എഫ് നുണകൾ ഒന്നൊന്നായി പൊളിച്ചടുക്കിയതിന്'- എംബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.
'ഇന്നലെ ജെബി മേത്തറുടെ ഊഴമായിരുന്നു. എൽ.ഡി. എഫ് സർക്കാർ പി എംശ്രീയിൽ ഒപ്പിട്ട് പണം വാങ്ങിയതിനാൽ ഇനി പിൻമാറാനാവില്ല എന്ന യു ഡി എഫ് നുണയാണ് പാർലിമെന്‍റിൽ വാങ്ങിയെടുത്ത ഒരു മറുപടിയിലുടെ ജെബി പൊളിച്ചടുക്കിയത്. കേരളത്തിന് കൊടുത്തത് വിദ്യാഭ്യാസ അവകാശനിയമപ്രകാരം അവകാശപ്പെട്ട സമഗ്ര ശിക്ഷാ കേരളയുടെ 99.27കോടി മാത്രമാണെന്നാണ് ജെബിക്ക് മന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടി. പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്‌കൂളുകളുടെ ലിസ്‌റ്റ് എൽഡി എഫ് സർക്കാർ നൽകിയിരുന്നില്ലെന്നും മന്ത്രി അറിയിച്ചു. ഇന്ന് ലീഗിന്‍റെ സ്വന്തം അബ്ദുൾവഹാബിന്‍റെ വക ചോദ്യത്തിന് അതേ മന്ത്രിയുടെ മറുപടിയിൽ പി എം ശ്രീയിൽ നിന്ന് പിൻമാറാൻ സംസ്ഥാനങ്ങൾക്ക് തടസ്സമില്ലെന്നു കൂടി വ്യക്തമാക്കിയിരിക്കുന്നു. താങ്ക്യൂ ഗയ്സ്. യു ഡി എഫ് എംപി മാരെക്കൊണ്ട് ഒടുവിൽ ഗുണമുണ്ടായിരിക്കുന്നു. അറബിക്കടൽ വറ്റിയിട്ടില്ല ലീഗുകാരേ.... ലീഗിന് രണ്ട് ഓപ്ഷനുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് പറഞ്ഞതുപോലെ പി എം ശ്രീ അറബിക്കടലിലെറിയാം. അല്ലെങ്കിൽ സ്വയം അറബിക്കടലിൽ പോയി ചാടാം- എംബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.
പി എം ശ്രീയിൽ നിന്ന് പിന്മാറിയാൽ കാര്യമായി ഒന്നും സംഭവിക്കില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പിഎം ശ്രീ പദ്ധതിയിൽനിന്നും പിന്മാറുകയോ ചേരാതിരിക്കുകയോ ചെയ്താൽ പിഎം ശ്രീയുടെ ആനുകൂല്യങ്ങൾ മാത്രമേ നഷ്ടമാകൂ എന്നാണ് രാജ്യസഭയിൽ അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നല്‍കിയത്. കേരളം പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം ഒപ്പിട്ട ശേഷം സ്‌കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും കേന്ദ്രം രാജ്യസഭയില്‍ അറിയിച്ചു. പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നും വലിയ ഭവിഷ്യത്ത് ഉണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രി വിഡി സതീശനും വിദ്യഭ്യാസമന്ത്രി കെഎം ഷാജിയും അടക്കമുള്ള യുഡിഎഫ് നേതാക്കൾ പറഞ്ഞിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam