നിർണായകമായത് ഫ്രില്ലി പറഞ്ഞ ആ കള്ളം; തെളിവുകളൊന്നും ഇല്ലാതെ നട്ടംതിരിഞ്ഞ പൊലീസിന് കിട്ടിയ തുമ്പ്, ഏലിയാമ്മ കൊലക്കെസിൽ പ്രതി പിടിയിലായത് ഇങ്ങനെ

Published : Jul 31, 2026, 05:12 PM IST
eliyamma murder case

Synopsis

ഏലിയാമ്മയില്‍ നിന്ന് കവര്‍ന്ന ഒമ്പത് പവന്‍ ആഭരണങ്ങള്‍ ഫ്രില്ലി സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയം വച്ചതിന്‍റെ രേഖകളടക്കം കിട്ടിയതോടെ പ്രതി ഫ്രില്ലി തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു. കൊലപാതകം നടത്തും മുമ്പ് അടുക്കളവാതില്‍ കുറ്റിയിടുമ്പോള്‍ പതിഞ്ഞ ഫ്രില്ലിയുടെ വിരലടയാളവും പ്രധാന തെളിവായി.

ആലപ്പുഴ: ആലപ്പുഴ പൊലീസിനെ ആഴ്ചകളോളം വട്ടം ചുറ്റിച്ച കേസായിരുന്നു ഏലിയാമ്മ കൊലക്കേസ്. കേസിലെ മുഖ്യസാക്ഷിയെന്ന് പൊലീസ് കരുതിയിരുന്ന ഏലിയാമ്മയുടെ ബന്ധു ഫ്രില്ലി ഫ്രാന്‍സിസാണ് യഥാര്‍ഥ കൊലപാതകിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത് കേസിന്‍റെ അവസാന ഘട്ടത്തില്‍. കേസില്‍ നിന്ന് രക്ഷപ്പെടാനായി ഫ്രില്ലി പറഞ്ഞ ഒരു നുണയില്‍ നിന്നാണ് കൊലപാതകത്തിനു പിന്നിലെ സത്യം പൊലീസ് കണ്ടെത്തിയത്.

2010 ആഗസ്റ്റ് മാസം പന്ത്രണ്ടാം തീയതിയാണ് ആര്യാട് സ്വദേശിനി ചിന്നമ്മ എന്നു വിളിക്കുന്ന ഏലിയാമ്മ ടീച്ചറെ വീടിനുളളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഏലിയാമ്മ ടീച്ചറുടെ ഭര്‍ത്താവും നാലു മക്കളും വിദേശത്തായിരുന്നു. ജോലിക്കാരി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ജോലിക്കാരി പുറത്തു പോയ ഒരു ദിവസമായിരുന്നു കൊലപാതകം. കാര്യമായ തെളിവുകളൊന്നും ആദ്യ ഘട്ടത്തില്‍ പൊലീസിന് കിട്ടിയിരുന്നില്ല. വീടിന്‍റെ തൊട്ടടുത്ത് താമസിക്കുന്ന ഏലിയാമ്മയുടെ ബന്ധുകൂടിയായ ഫ്രില്ലി ഫ്രാന്‍സിസില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേസിന്‍റെ അന്വേഷണം മുന്നോട്ടു പോയത്.

കൊലപാതകം നടന്ന ദിവസം നാടോടി സ്ത്രീകള്‍ വീടിന്‍റെ പരിസരത്ത് കൂടി ഓടിപ്പോകുന്നത് കണ്ടിരുന്നെന്നും അവരാകാം ഏലിയാമ്മയെ കൊന്നത് എന്നുമായിരുന്നു ഫ്രില്ലി പൊലീസിനോട് പറഞ്ഞത്. ആ വഴിക്ക് അന്വേഷണം മുന്നോട്ടു കൊണ്ടുപോയ പൊലീസ് ഫ്രില്ലി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊലപാതകിയുടെ രേഖാചിത്രം പോലും തയാറാക്കി. എന്നാല്‍ നാടോടിസ്ത്രീകളെ കണ്ടെന്ന ഫ്രില്ലിയുടെ മൊഴിയെ സാധൂകരിക്കുന്ന വിവരങ്ങളൊന്നും മറ്റ് നാട്ടുകാരില്‍ നിന്ന് പൊലീസിന് കിട്ടിയില്ല. ഇതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം ഫ്രില്ലിയിലേക്ക് നീണ്ടത്.

ഏലിയാമ്മയില്‍ നിന്ന് കവര്‍ന്ന ഒമ്പത് പവന്‍ ആഭരണങ്ങള്‍ ഫ്രില്ലി സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയം വച്ചതിന്‍റെ രേഖകളടക്കം കിട്ടിയതോടെ പ്രതി ഫ്രില്ലി തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു. കൊലപാതകം നടത്തും മുമ്പ് അടുക്കളവാതില്‍ കുറ്റിയിടുമ്പോള്‍ പതിഞ്ഞ ഫ്രില്ലിയുടെ വിരലടയാളവും പ്രധാന തെളിവായി. ജോലിക്കാരി പുറത്തു പോയ സമയം നോക്കി എത്തിയ ഫ്രില്ലി ഏലിയാമ്മയ്ക്ക് മുഖത്ത് മുളക് പൊടി വിതറിയ ശേഷം തളളിതാഴെയിട്ടു. 

പിന്നീട് കറിക്കത്തി കൊണ്ട് കഴുത്തിലെയും ഇരുകൈകളിലെയും ഞരമ്പ് മുറിച്ച് കൊല്ലുകയായിരുന്നു. ജോലിക്കാരി തിരികെയെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഒരു കൊലപാതകം നടത്തിയ ശേഷം ഒരു ഭാവവ്യത്യാസവുമില്ലാതെ നാട്ടുകാരുടെ മുന്നില്‍ ദിവസങ്ങളോളം സാധാരണ പോലെ പെരുമാറിയ ഫ്രില്ലി പൊലീസിനെ പോലും അമ്പരപ്പിച്ചു. കൊലപാതകം നടത്തുമ്പോള്‍ 23 വയസു മാത്രമായിരുന്നു ഫ്രില്ലിയുടെ പ്രായം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിൽ കോളിളക്കമുണ്ടാക്കിയ അബ്കാരി മുന്ന വധക്കേസ്: 34 വർഷത്തിന് ശേഷം വിധി, മൂന്ന് പ്രതികളെയും സിബിഐ കോടതി വെറുതെ വിട്ടു
ഇനി മണിക്കൂറുകൾ മാത്രം, കടലോളം പ്രതീക്ഷയിൽ തീരം; നീണ്ട 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും