
കണ്ണൂർ: അദാനി സ്പോൺസേർഡ് സർക്കാരാണ് യുഡിഎഫ് സർക്കാർ എന്ന് വ്യക്തമായെന്ന് സിപിഎം നേതാവ് എം വി ജയരാജൻ. വിഴിഞ്ഞം തുറമുഖത്തിൻ്റെ ഓഹരി കൈമാറ്റത്തിൽ വിവരാവകാശ രേഖയും നിയമസഭയിൽ നൽകിയ മറുപടിയും പരസ്പരം വിപരീതമാണ്. വൈരുധ്യം അദാനിയെ സംരക്ഷിക്കുന്ന വിധത്തിലാണെന്ന് എം വി ജയരാജൻ പറഞ്ഞു.
2026 ജൂൺ 29ന് എംഎസ്‍സിയുടെ ഉപ കമ്പനിയായ മുണ്ടി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് വിഴിഞ്ഞം തുറമുഖത്തിൻ്റെ അദാനിയുടെ 49 ശതമാനം ഓഹരി കൈമാറി നൽകി. കരാർ പ്രകാരം, മുൻകൂർ അനുമതിയില്ലാതെ അദാനിക്ക് ഓഹരി വിൽക്കാൻ കഴിയില്ല. പ്രതിപക്ഷ നേതാവ് ഇക്കാര്യം സഭയിൽ ഉന്നയിച്ചപ്പോൾ വാർത്തയിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഓഹരി കൈമാറ്റം തടയണം എന്ന ആവശ്യം നാളിതുവരെയും അംഗീകരിച്ചിട്ടില്ല. അദാനിയെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് വ്യക്തമാണെന്നും രേഖകൾ പരിശോധിച്ചാൽ അക്കാര്യം തെളിയുമെന്നും എം വി ജയരാജൻ പറഞ്ഞു.
യുഡിഎഫ് സർക്കാർ അദാനി സ്പോൺസേർഡ് സർക്കാരാണ് എന്ന് പുതിയ വെളിപ്പെടുത്തൽ അരക്കെട്ടുറപ്പിക്കുന്നു. വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള നീക്കത്തിൽ അദാനിയും ഒരു കക്ഷിയാണ്. അദാനി പവർ കോർപ്പറേഷനിൽ നിന്ന് 11 രൂപയ്ക്കാണ് ഒരു യൂണിറ്റ് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടുള്ളത്. 14.60 രൂപയ്ക്കാണ് ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചിട്ടുള്ളത്. പവർക്കെട്ടിന് പുറമേ, ഇടിത്തീ പോലെ പാവങ്ങളുടെ മേൽ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതാണ് ഈ നടപടികൾ ആകെ. പവർകട്ട് ഒഴിവായെങ്കിൽ ഷോക്കേൽക്കുന്ന ബില്ലുകൾ ആണ് ഇനി വരാൻ പോകുന്നതെന്നും എം വി ജയരാജൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam