
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ ദേശീയ പണിമുടക്കിന്റെ ഭാഗമായി പണിമുടക്കരുതെന്ന (Nationwide Strike 2022) കേരളാ ഹൈക്കോടതി (High Court) വിധിക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പണിമുടക്കുന്നത് കോടതി വിലക്കിയത് ദൗർഭാഗ്യകരമാണെന്നും കോടതിയുടേത് പഴയ ബ്രിട്ടീഷ് രാജിന്റെ ശബ്ദമെന്നാണെന്നും എം വി ജയരാജൻ വിമർശിച്ചു.
തൊഴിലാളികൾക്ക് പണിയെടുക്കാനും പണി മുടക്കാനുമുള്ള അവകാശമുണ്ട്. സമരം തൊഴിലാളിയുടെ അവകാശമാണ്. കോടതിയുടെ ഔദാര്യമല്ല. ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിലാണ് കോടതി ഇടപെടൽ വേണ്ടത്. പെട്രോൾ വില കുറയ്ക്കണമെന്നോ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലക്കരുതെന്നോ കോടതി പറയാത്തത് എന്താണെന്ന് ചോദിച്ച ജയരാജൻ, സമരം ചെയ്യാൻ അവകാശമില്ലെന്ന് പറയാൻ വെള്ളരിക്കാപട്ടണമല്ലെന്നും കോടതിക്ക് ബ്രിട്ടീഷ് പ്രേതം കൂടിയെന്ന് പറയേണ്ടി വന്നത് ദൗർഭാഗ്യകരമാണെന്നും ജയരാജൻ വിമർശിച്ചു.
ഉദ്യോഗസ്ഥർ ജോലിക്കെത്തണം: ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ, തള്ളി സർവ്വീസ് സംഘടനകൾ
സർക്കാർ ജീവനക്കാർ പണിമുടക്കരുതെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ഇന്നലെ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാരും നാളെ ജോലിക്ക് എത്തണം. അവശ്യസാഹചര്യത്തിൽ അല്ലാതെ ആർക്കും അവധി അനുവദിക്കില്ല. ഹൈക്കോടതി വിധി പകർപ്പ് പരിശോധിച്ച അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അവശ്യ സർവ്വീസ് നിയമമായ ഡയസ്നോൺ പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് കൈമാറുകയായിരുന്നു. പിന്നാലെ ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു. കേരള സർവ്വീസ് ചട്ട പ്രകാരം സർക്കാറിന്‍റെ നയങ്ങൾക്കെതിരെ സമരം ചെയ്യാനോ, പണിമുടക്കാനോ ജീവനക്കാർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി പണിമുടക്ക് തടഞ്ഞത്. സർവ്വീസ് ചട്ടത്തിലെ റൂൾ 86 പ്രകാരം പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടികാട്ടി.