
പത്തനംതിട്ട: പത്തനംതിട്ടയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ഭീഷണി തുടർന്ന് സിപിഎം നേതാക്കൾ. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കാല് മാത്രമല്ല കൈയ്യും വെട്ടാന്‍ അറിയാമെന്ന് സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗം ജെയ്‌സൺ സാജൻ ജോസഫ് പറഞ്ഞു. വനംവകുപ്പിനെതിരെ പത്തനംതിട്ട കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിപിഎം ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് പ്രകോപന പ്രസംഗം. ജനകീയ ജനാധിപത്യ വിപ്ലവം മാത്രമല്ല സായുധസമരവും അറിയാമെന്ന് ജെയ്സൺ പറഞ്ഞു.
ബൂട്ടിട്ട് വീടുകളിൽ പരിശോധനയ്ക്ക് വരുന്ന വനം വകുപ്പ് ജീവനക്കാർ ഒറ്റക്കാലിൽ നടക്കാനുള്ള അഭ്യാസം കൂടി പഠിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം ജോബി ടി ഈശോ പറഞ്ഞു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേഷിന്റെ തോളിൽ തട്ടിയപ്പോൾ കൊലപാതക ശ്രമത്തിന് കേസ് എടുത്തു. കൊലപാതകശ്രമത്തിന് ഇനിയും നിങ്ങൾക്ക് കേസുകൾ കൊടുക്കേണ്ടി വരുമെന്നാണ് നേതാവിന്‍റെ മുന്നറിയിപ്പ്. വനംവകുപ്പിനെതിരായ പ്രതിഷേധ മാർച്ചിനിടെയാണ് ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം ജോബി ടി ഈശോയുടെ പ്രസംഗം.
വനംവകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ പത്തനംതിട്ട ചിറ്റാർ പൊലീസ് സിപിഎം പ്രവർത്തകർക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. പരാതി നല്‍കിയിട്ടും 4 ദിവസം വൈകിയാണ് സംഭവത്തില്‍ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സിപിഎം പ്രവർത്തകർ അടക്കം 12 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. വനിതാ ജീവനക്കാരിയുടെ കൈപിടിച്ച് തിരിച്ചുവെന്നും ജീവനക്കാരെ പ്രതികൾ സംഘം ചേർന്ന് കയ്യേറ്റം ചെയ്തുവെന്നും എഫ്ഐആറില്‍ പറയുന്നു. കൊച്ചുകോയിക്കൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേഷ് കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam