ജോളി സിലിക്ക് കഷായം നൽകി, പിന്നീട് സിലി ആശുപത്രിയിലായി: വെളിപ്പെടുത്തി ബന്ധു

By Web TeamFirst Published Oct 7, 2019, 7:03 PM IST
Highlights

രണ്ടുവയസുകാരി മകള്‍ ആല്‍ഫൈന്‍ മരിച്ചപ്പോള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ചില ബന്ധുക്കള്‍ പറഞ്ഞെങ്കിലും സിലിയും ഷാജുവും അതിനെ എതിര്‍ത്തെന്നും സേവ്യര്‍

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യപ്രതി ജോളിക്കെതിരെ നിരവധി പേരാണ് നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. വീട്ടുജോലിക്കാരും ബന്ധുക്കളും പരിചയക്കാരും ജോളിയെക്കുറിച്ചുള്ള സംശയങ്ങളും വെളിപ്പെടുത്തലുകളും ഇപ്പോള്‍ തുറന്നുപറയുന്നു. ജോളി പിടിക്കപ്പെട്ടിരുന്നില്ലെങ്കില്‍ സിലിയുടെ മകന്‍ കൊല്ലപ്പെടുമായിരുന്നെന്നാണ് സിലിയുടെ ബന്ധുവായ സേവ്യര്‍ പറയുന്നത്. ഷാജുവിന്‍റെയും സിലിയുടേയും മകനുമായി ജോളി ഇടയ്ക്ക് വഴക്കുണ്ടാക്കിയിരുന്നു. ജോളിയോട് മാപ്പ് പറയാതെ മകനെ പുറത്ത് വിടില്ലെന്ന് ഷാജു പറഞ്ഞിരുന്നു. 

ജോളിയുടെ മകൻ പഠിച്ചിരുന്ന സ്കൂളിൽ നിന്ന്  മറ്റൊരു സ്ഥലത്തേക്ക് ഷാജു മാറ്റി. രണ്ടുവയസുകാരി മകള്‍ ആല്‍ഫൈന്‍ മരിച്ചപ്പോള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ചില ബന്ധുക്കള്‍ പറഞ്ഞെങ്കിലും സിലിയും ഷാജുവും അതിനെ എതിര്‍ത്തു. തങ്ങള്‍ നാലുപേരും ഒരു ടേബിളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ കുട്ടി ഓടിക്കളിച്ച് നടക്കുകയായിരുന്നു. പിന്നീട് മോന്‍ ഓടിവന്ന് കുഞ്ഞുവാവ കണ്ണുമിഴിച്ചിരിക്കുന്നു എന്നു പറയുകയായിരുന്നു. ജോളി പിടിക്കപ്പെട്ടിരുന്നില്ലെങ്കില്‍ കുടുംബത്തില്‍ ഒന്നുരണ്ടുപേര്‍ കൂടി കൊല്ലപ്പെട്ടേനെയെന്നാണ് സേവ്യര്‍ കരുതുന്നത്.

സിലിക്ക് വല്ലാതെ ക്ഷീണമാണ്, ഇടയ്ക്കിടക്ക് അസുഖം വരുന്നുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ജോളി സിലിയെ ഒരു വൈദ്യരുടെ അടുത്ത് കൊണ്ടുപോയി ഒരിക്കല്‍ കഷായം മേടിച്ചുകൊടുത്തിരുന്നു. പിറ്റേന്ന് കഷായം കുടിച്ചികൊണ്ടിരുന്നപ്പോള്‍ അരുരുചി തോന്നി സിലി ഇത് തുപ്പിയിരുന്നു. തുടര്‍ന്ന് ഛര്‍ദ്ദിക്കുകയും തലചുറ്റി വീഴുകയും ചെയ്ത സിലിയെ ആശുപത്രിയില്‍ കൊണ്ടുപോയി. ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും  അന്ന് സിലി രക്ഷപ്പെട്ടെന്നും സേവ്യര്‍ ഓര്‍മ്മിക്കുന്നു. എന്നാല്‍ ഏതുവൈദ്യരുടെ അടുത്താണ് കൊണ്ടുപോയത്, എന്തുകഷായമാണ് മേടിച്ചത് എന്നൊന്നും അറിയില്ലെന്നും സേവ്യര്‍ പറഞ്ഞു. 

click me!