Latest Videos

'എട്ട് വര്‍ഷം പീഡനകാലമായിരുന്നു, കുഞ്ഞനന്തന്‍ ധീര വിപ്ലവകാരി'; അനുസ്മരിച്ച് സിപിഎം നേതാക്കള്‍

By Web TeamFirst Published Jun 11, 2020, 10:59 PM IST
Highlights

മാറാരോഗങ്ങളുമായി ആശുപത്രിയിൽ മരണത്തോട്‌ മല്ലടിച്ച്‌ കഴിയുമ്പോളും കുഞ്ഞനന്തേട്ടനെ വിചാരണ ചെയ്യാനായിരുന്നു മാധ്യമങ്ങൾക്കും കമ്മ്യൂണിസ്റ്റ്‌ വിരുദ്ധർക്കും താത്പര്യം- കടംകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് പി കെ കുഞ്ഞനന്തനെ അനുസ്മരിച്ച് സിപിഎം നേതാക്കള്‍. ഭരണകൂട ഭീകരതയുടെ ഇരയായിരുന്നു കുഞ്ഞനെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുസ്മരിച്ചു. കഴിഞ്ഞ എട്ട് വർഷമായി പീഡനകാലമായിരുന്നു കുഞ്ഞനന്തേട്ടനെ സംബന്ധിച്ച്‌. കള്ള കേസുകളും, കള്ള പ്രചാര വേലയും കുഞ്ഞനന്തേട്ടൻ എന്ന കമ്മ്യൂണിസ്റ്റിനെ തുടർച്ചയായി വേട്ടയാടിയെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മാറാരോഗങ്ങളുമായി ആശുപത്രിയിൽ മരണത്തോട്‌ മല്ലടിച്ച്‌ കഴിയുമ്പോളും കുഞ്ഞനന്തേട്ടനെ വിചാരണ ചെയ്യാനായിരുന്നു മാധ്യമങ്ങൾക്കും കമ്മ്യൂണിസ്റ്റ്‌ വിരുദ്ധർക്കും താത്പര്യം. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയോട് തികഞ്ഞ ആത്മാർത്ഥത കാട്ടിയെന്നതായിരുന്നു സഖാവ് കുഞ്ഞനന്തൻ ചെയ്ത തെറ്റ്‌. കുഞ്ഞനന്തേട്ടനെ വേട്ടയാടിയവർക്ക്‌ ഇനി ആശ്വസിക്കാം, വേണമെങ്കിൽ ആ വേട്ടയാടൽ ഇനിയും തുടരാം. ആദരാഞ്ജലികൾ പ്രിയ സഖാവേ- മന്ത്രി അനുസ്മരിച്ചു.

പാനൂരിലും പരിസരത്തും മാർക്സിസ്റ് വിരുദ്ധരുടെ കടന്നാക്രമണങ്ങളെ വെല്ലുവിളിച്ച് ചെങ്കൊടി ഉയർത്തിപ്പിടിച്ച ധീരനായ വിപ്ലവകാരിയായിരുന്നു സഖാവ് കുഞ്ഞനന്തനെന്ന് സിപിഎം നേതാവ് പി ജയരാജന്‍ അനുസ്മരിച്ചു. ആർഎസ്എസ് പോലുള്ള ഫാസിസ്റ്റ് വർഗ്ഗീയ ശക്തികളെ എതിരിടുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച സഖാവായിരുന്നു അദ്ദേഹം. യുഡിഎഫ് ഭരണകാലത്ത് വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും അദ്ദേഹത്തെ വേട്ടയാടി.

കുഞ്ഞനന്തന്‍ ഭീകരനെന്ന് മുദ്രകുത്തി പ്രചാരവേല നടത്തി. അതിനെയെല്ലാം നിർഭയം നേരിട്ട ഉജ്വലനായ വിപ്ലവകാരിയെയാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ദുഖവും അനുശോചനവും അറിയിക്കുന്നു. സഖാവിന്റെ ഓർമ്മയ്ക്ക് മുന്നിൽ ആദരാജ്ഞലികൾ- പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എ സമ്പത്ത്, പിഎ മുഹമ്മദ് റിയാസ് തുടങ്ങിയ നേതാക്കളും കുഞ്ഞനന്തനെ അനുസ്മരിച്ചു.

click me!