
കൊല്ലം: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഗണേഷ് കുമാർ നടത്തിയ പല പ്രസംഗങ്ങളും മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളുമാണ് പത്തനാപുരത്തെ തോൽവിയുടെ പ്രധാന കാരണമായതെന്ന് സിപിഎം കുന്നിക്കോട് ഏരിയ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം. മന്ത്രിയുടെ ഓഫീസ് ജനങ്ങളുടെ ഒരു വിഷയത്തിലും ഇടപെട്ടിട്ടില്ലെന്നും പാർട്ടി നേതാക്കളോടു പോലും പുച്ഛഭാവത്തിലായിരുന്നു ഇടപെടൽ. എൻഎസ്എസുമായുള്ള വിഷയം വഷളാക്കിയത് കെ ബി ഗണേഷ് കുമാർ തന്നെയാണെന്നും വിമർശനമുയർന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയ്ക്കും കാരണക്കാരൻ ഗണേഷ്കുമാർ തന്നെയാണെന്നും ചിലർ ആരോപിച്ചു. പിണറായിയുടെ ധാർഷ്ഠ്യമാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്നും പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും ആവശ്യമുയർന്നു. ജി സുധാകരന് എതിരെ ചെറ്റ എന്നു വിളിച്ചതു ഒരു കമ്യൂണിസ്റ്റും പറയാൻ പാടില്ലാത്തതാണ്, ചില ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനങ്ങൾ നടപ്പാക്കുന്ന പിആർ ഏജൻസി മാത്രമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടിറിയറ്റ് എന്നും ചിലർ പറഞ്ഞു.
ജനങ്ങളെ കേൾക്കാത്ത സെക്രട്ടറിയാണ് പാർട്ടിക്കുള്ളതെന്നായിരുന്നു മറ്റൊരു ആക്ഷേപം. ചർച്ചയിൽ പങ്കെടുത്ത 17 പേരും സംസ്ഥാന നേതൃത്വത്തിൽ മാറ്റം വേണമെന്നാവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂർ നാഗപ്പന്‍റെ സാന്നിധ്യത്തിലായിരുന്നു യോഗം. അഞ്ചൽ ഏരിയാ കമ്മിറ്റിയിലും പിണറായി വിജയനും എം വി ഗോവിന്ദനും എതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. പ്രതിപക്ഷ നേതാവായി പിണറായി തുടരുന്നത് അപകടമാണെന്നും മുഖ്യമന്ത്രിയുടെ 'ഡാഷ് മോനേ' പ്രയോഗം 'പരനാറി' പരാമർശത്തെക്കാൾ ദോഷം ചെയ്തുവെന്നും വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ അംഗരക്ഷകരും പരിവാരങ്ങളും വരുത്തിവച്ച പ്രശ്നങ്ങൾ കാരണം പാർട്ടി പ്രവർത്തകർക്കു സാധാരണക്കാരുടെ മുന്നിലേക്കു ചെല്ലാൻ കഴിയാത്ത അവസ്ഥയിലെത്തിച്ചു. ഉന്നത നേതാക്കൾ ജനങ്ങളിൽ നിന്ന് അകന്നതിന്‍റെ തിക്ത ഫലം പാർട്ടിയുടെ സാധാരണ പ്രവർത്തകരാണ് അനുഭവിക്കുന്നതെന്നും അംഗങ്ങൾ വിമർശിച്ചു. പാർട്ടിയുടെ തിരിച്ചുവരവിന് പുതിയ നേതൃത്വം ഉണ്ടാകണമെന്നും പൊതു വികാരം ഉയർന്നു. സങ്കീർണമായ പ്രശ്നങ്ങൾക്ക് ഇടയിലും പുനലൂർ നിയോജക മണ്ഡലത്തിലെ മികച്ചവിജയം നേട്ടമായെന്നും ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam