
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജി തള്ളിയ ലോകായുക്ത വിധിക്ക് പിന്നാലെ പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി സി പി എം നേതാവ് എ കെ ബാലൻ രംഗത്ത്. ലോകായുക്ത വിധി പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയാണെന്നും പ്രതിപക്ഷം മാപ്പ് പറയണമെന്നും ബാലൻ അഭിപ്രായപ്പെട്ടു. യൂ ഡി എഫും ബി ജെ പിയും ശശികുമാറിനെ മുന്നിൽ നിർത്തി കൊണ്ടുവന്ന കള്ള കേസായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.
യൂ ഡി എഫും ബി ജെ പിയും ശശികുമാറിനെ മുന്നിൽ നിർത്തി നടത്തിയ ഗൂഢാലോചന ചീട്ട് കൊട്ടാരം പോലെ തകർന്നിരിക്കുകയാണ്. മേൽകോടതിയിൽ പോയാൽ കടലാസിന്‍റെ വിലയുണ്ടാകില്ല. തെളിവിന്‍റെ അടിസ്ഥാനത്തിലല്ല ഹർജിക്കാരൻ ലോകായുക്തയിൽ പോയതെന്നും എ കെ ബാലൻ അഭിപ്രായപ്പെട്ടു.
നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് അനുകൂലം, 'ഇത് പ്രതീക്ഷിച്ച വിധി', ലോകായുക്തക്കെതിരെ യൂഡിഎഫ് കൺവീനർ
അതേസമയം ഹർജി തള്ളിയ ലോകായുക്ത വിധിക്കെതിരെ യൂ ഡി എഫ് നേതാക്കൾ രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. യൂ ഡി എഫ് കൺവീനർ എം എം ഹസൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ ലോകായുക്തയെയും മുഖ്യമന്ത്രിയെയും വിമർശിച്ച് രംഗത്തെത്തിക്കഴിഞ്ഞു. ലോകായുക്ത വിധി നേരത്തെ തന്നെ പ്രതീക്ഷിച്ചതെന്നാണ് യൂ ഡി എഫ് കൺവീനർ അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിക്ക് അനുകൂലമായാണ് നേരത്തെ തന്നെ ലോകായുക്ത നിലപാടെടുത്തിരുന്നതെന്നും എം എം ഹസൻ ചൂണ്ടികാട്ടി.
സ്വജനപക്ഷപാതം ഇല്ല എന്ന ലോകായുക്തവിധി തന്നെ സ്വജനപക്ഷപാതത്തിന് ഏറ്റവും വലിയ ഉദാഹരണമെന്നാണ് ചെന്നിത്തല പറഞ്ഞത്. സർക്കാർ വിലാസ സംഘടനയായി ലോകായുക്ത അധ:പതിച്ചു. ഈ വിധി പ്രതീക്ഷതാണ്. ലോകായുക്തയുടെ ഓരോ സിറ്റിംഗിലും സർക്കാരിനെയും മുഖ്യമന്ത്രിയെയും വെള്ളപൂശാനാണ് ലോകായുക്ത ശ്രമിച്ചത്. പലപ്പോഴും ഹർജിക്കാരനെ മോശമായിട്ടാണ് വിമർശിച്ചതെന്നും ചെന്നിത്തല ചൂണ്ടികാട്ടി. ലോകായുക്തയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം