സിപിഎമ്മിലെ കത്ത് ചോർച്ച വിവാദം; എം വി ഗോവിന്ദന്‍റെ വക്കീൽ നോട്ടീസിന് മറുപടി നൽകി മുഹമ്മദ് ഷർഷാദ്

Published : Aug 22, 2025, 12:08 PM IST
shershad

Synopsis

എം വി ഗോവിന്ദനെ വ്യക്തിഹത്യ ചെയ്യുന്ന പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും കത്ത് ചോർത്തിയതിൽ  ഗോവിന്ദന്‍റെ മകനെ സംശയിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഷർഷാദിന്‍റെ മറുപടി.

തിരുവനന്തപുരം: കത്ത് ചോർച്ച വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ വക്കീൽ നോട്ടീസിന് മറുപടി നൽകി വ്യവസായി മുഹമ്മദ് ഷർഷാദ്. ഗോവിന്ദനെ വ്യക്തിഹത്യ ചെയ്യുന്ന പരാമർശങ്ങൾ നടത്തിയിട്ടില്ല. കത്ത് ചോർത്തിയതിൽ എം വി ഗോവിന്ദന്‍റെ മകൻ ശ്യാംജിതിനെ സംശയിക്കുക മാത്രമാണ് ചെയ്തത്. രാജേഷ് കൃഷ്ണയുമായി ശ്യാംജിതിനുള്ള ബന്ധമാണ് സംശയത്തിന് പിന്നിലെന്നും മുഹമ്മദ് ഷർഷാദ് മറുപടിയില്‍ പറയുന്നു. പിബിക്ക് നൽകിയ കത്ത് സാമൂഹിക മാധ്യമങ്ങളിൽ താൻ പങ്കുവെച്ചിട്ടില്ല. സംസ്ഥാന സെക്രട്ടറിക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ഷർഷാദ് വ്യക്തമാക്കുന്നു. അഡ്വ.ശ്രീജിത് എസ് നായർ മുഖേനയാണ് മുഹമ്മദ് ഷർഷാദ് മറുപടി അയച്ചത്.

പിബിക്ക് മുഹമ്മദ് ഷർഷാദ് അയച്ച കത്ത് പുറത്തായത് വൻവിവാദമായിരിക്കെയാണ് എംവി ഗോവിന്ദൻ നിയമ നടപടിയിലേക്ക് നീങ്ങിയത്. ആക്ഷേപം പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് ഷെർഷാദിന് എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചത്. ഷെർഷാദ് പിബിക്ക് പരാതി നൽകിയെന്ന് സ്ഥിരീകരിക്കുന്ന എം വി ഗോവിന്ദൻ ചോർച്ചക്ക് പിന്നിൽ തൻ്റെ മകനല്ലെന്നും ഷെർഷാദ് തന്നെയാണെന്നാണ് വക്കീൽ നോട്ടീസിൽ എംവി ഗോവിന്ദൻ പറയുന്നത്. തന്‍റെ മകൻ കത്ത് ചോർത്തിയെന്ന ആരോപണം പൊതു സമൂഹത്തിൽ തനിക്ക് അവമതിപ്പുണ്ടാക്കി. ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും, തെറ്റായ ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കണമെന്നുമായിരുന്നു എം വി ഗോവിന്ദൻ നല്‍കിയ വക്കീൽ നോട്ടീസിലെ ആവശ്യം. മകന് പ്രതിരോധം തീർക്കുമ്പോഴും ഷെർഷാദ് പരാതിയിൽ ഉന്നയിച്ച മറ്റ് നേതാക്കളുടെ സാമ്പത്തിക ഇടപാടിൽ ഗോവിന്ദൻ ഒന്നും പറയുന്നില്ല.

അതേസമയം, വിഷയത്തില്‍ മാധ്യമങ്ങളെ പഴിച്ചും ഗോവിന്ദന് പാർട്ടി കൂട്ടത്തോടെ പിന്തുണച്ചുമാണ് നേതാക്കളുടെ പ്രതികരണം. വിവാദം ഷെർഷാദും രാജേഷ് കൃഷ്ണയും തമ്മിലെ തർക്കം മാത്രമാക്കി ഒതുക്കുകയും വിവാദങ്ങളെ നേരിടുകയാണ് നേതൃത്വം. എന്നാൽ ഷെർഷാദിനെ തള്ളുന്ന പാർട്ടി രാജേഷ് കൃഷ്ണക്കെതിരെ ഒന്നും പരാമർശിക്കുന്നില്ല. ഇതിനിടെ കഴിഞ്ഞ വർഷം അനുനയത്തിനായി ഷെർഷാദ് രാജേഷ് കൃഷ്ണയെ വിളിച്ച ഓഡിയോ പുറത്തുവന്നു. ഓൺലൈൻ മാധ്യമത്തിന് നേരത്തെ അനുവദിച്ച അഭിമുഖത്തിൻ്റെ പേരിൽ ഷെർഷാദ് എംവി ഗോവിന്ദന് അയച്ച ഇ മെയിലും പുറത്തായി. പാർട്ടി കേസിന് നീങ്ങുന്ന ഘട്ടത്തിലായിരുന്നു മെയിൽ അയച്ചത്. പരാതി ഉന്നയിച്ചത് രാജേഷ് കൃഷ്ണയുടെ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണെന്നാണ് ഇ മെയിൽ. ഗോവിന്ദനോട് ആദരവാണുള്ളതെന്ന് പറയുന്ന മെയിലിലെ വിവരങ്ങൾ പുറത്ത് വിട്ടാണ് ഷെർഷാദിൻ്റെ പക്കൽ തെളിവില്ലെന്ന് സ്ഥാപിക്കാനുള്ള പാർട്ടി കേന്ദ്രങ്ങളുടെ ശ്രമം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആർക്കുള്ള മറുപടി? പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവനക്ക് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി പി.വി. അൻവർ
വിഎസ്എസ്സി റിപ്പോർട്ടിൽ അവ്യക്തത, പാളികളുടെ സാമ്പിൾ വീണ്ടും ശേഖരിക്കും, ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലേക്ക് അയക്കും; ശബരിമലയിൽ വീണ്ടും പരിശോധന