വെള്ളാപ്പള്ളി നടേശൻ പ്രതിയാണെന്ന് കണ്ടെത്തിയ ഏതൊക്കെ കേസില്‍ കുറ്റപത്രം നല്‍കിയോ എന്ന കോടതി ചോദ്യത്തിനാണ് അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി മറുപടി നൽകിയത്. എട്ട് കേസുകളില്‍ പ്രതികളുടെ ഇടപെടല്‍ കണ്ടെത്തിയിട്ടുണ്ട്. പുൽപ്പള്ളി, റാന്നി കേസുകളിൽ അന്വേഷണം പൂ‍ർത്തിയായെന്നും എസ് പി അറിയിച്ചു.

കൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ ഒരു കേസിലും കോടതിയിൽ കുറ്റപത്രം നൽകിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ശശിധരൻ ഹൈക്കോടതിയിൽ. വെള്ളാപ്പള്ളി നടേശൻ പ്രതിയാണെന്ന് കണ്ടെത്തിയ ഏതൊക്കെ കേസില്‍ കുറ്റപത്രം നല്‍കിയോ എന്ന കോടതി ചോദ്യത്തിനാണ് അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി മറുപടി നൽകിയത്. എട്ട് കേസുകളില്‍ പ്രതികളുടെ ഇടപെടല്‍ കണ്ടെത്തിയിട്ടുണ്ട്. പുൽപ്പള്ളി, റാന്നി കേസുകളിൽ അന്വേഷണം പൂ‍ർത്തിയായെന്നും എസ് പി അറിയിച്ചു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിനോട് അനുമതി തേടിയിട്ടുണ്ടെന്നും ഇത് ലഭ്യമായാൽ കുറ്റപത്രം നൽകുമെന്നുമായിരുന്നു വിശദീകരണം. പ്രോസിക്യൂഷന്‍ അനുമതി അപേക്ഷ സെപ്റ്റംബറിൽ തന്നെ പരിഗണിക്കാന്‍ പിന്നോക്ക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചിരുന്നത്. കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ലാണ് വി എസ് അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ് എൻ ഡി ജി കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഢാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചത്.