
തിരുവനന്തപുരം: "ഇത്തരമൊരു യാത്രയയപ്പ് വേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ വാക്കുകൾ മുറിഞ്ഞേക്കാം വാചകങ്ങൾ, പൂർത്തിയാക്കാൻ കഴിയാതെ വന്നേക്കാം" പയ്യമ്പലത്ത് നടന്ന കോടിയേരി അനുസ്മരണ വേദിയിൽ ഇങ്ങനെയാണ് പിണറായി സംസാരിച്ച് തുടങ്ങിയത്. പറഞ്ഞു വന്നത് മുഴുവനാക്കാനാകാതെ മുഖ്യമന്ത്രി മടങ്ങുകയും ചെയ്തു. പതിറ്റാണ്ടുകൾ പാര്‍ട്ടിക്കകത്ത് നിറഞ്ഞ് നിന്ന് പാര്‍ട്ടിയായി ജീവിച്ച കോടിയേരി ബാലകൃഷ്ണന്റെ വിയോഗം തീരാനഷ്ടമായാണ് സിപിഎം വിലയിരുത്തുന്നതും.
പതിറ്റാണ്ടുകൾ കര്‍മ്മമണ്ഡലമായിരുന്നിട്ടും കോടിയേരിക്ക് തലസ്ഥാനത്ത് യാത്രയയപ്പ് നൽകാൻ അവസരം ഒരുക്കാത്തതിൽ തുടങ്ങി സംസ്കാരം കഴിഞ്ഞ് മണിക്കൂറുകൾ തികയും മുൻപുള്ള വിദേശയാത്രവരെയുള്ള വിവാദങ്ങൾ സിപിഎമ്മിനു നേരിടേണ്ടി വരികയും ചെയ്തു. ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടുമ്പോൾ തന്നെ കോടിയേരിയെ അനുസ്മരിക്കാൻ ഉചിതമായ സ്മാരകം എന്തായിരിക്കും എന്ന ചോദ്യവും പാര്‍ട്ടി വൃത്തങ്ങൾക്കിടയിലിപ്പോൾ സജീവ ചര്‍ച്ചയാണ്.
ഈ ഘട്ടത്തിലാണ് തലസ്ഥാനത്ത് ഉയരുന്ന സംസ്ഥാന കാര്യാലയത്തിന് കോടിയേരിയുടെ പേര് നൽകിയേക്കുമെന്ന ചര്‍ച്ചകൾ സജീവമായി ഉയരുന്നത്. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് ആസ്ഥാന മന്ദിരം പണിയാൻ സ്ഥലം കണ്ടെത്തുന്നതും അതിനുള്ള നടപടികളിലേക്ക് കടക്കുന്നതുമെല്ലാം. ഈവര്‍ഷം തുടക്കത്തിൽ തറക്കല്ലിട്ട കെട്ടിടം പണി അതിവേഗം പുരോഗമിക്കുകയുമാണ്. എന്നാൽ സംസ്ഥാന കാര്യാലയത്തിന് കോടിയേരിയുടെ പേര് നൽകുന്ന കാര്യമോ അത്തരത്തിലുള്ള ചര്‍ച്ചകളോ ഇതുവരെ പാര്‍ട്ടിക്ക് മുന്നിലെത്തിയിട്ടില്ലെന്നാണഅ സിപിഎം നേതൃത്വം വിശദീകരിക്കുന്നത്.
എകെജി സെന്ററിന് എതിര്‍വശത്താണ് സിപിഎമ്മിന് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് വരുന്നത്. 34 പേരിൽ നിന്നായി ആറരക്കോടി രൂപയ്ക്കാണ് സ്ഥലം വാങ്ങിയത്. 31.95 സെന്റ് പ്രമാണം ചെയ്തത് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പേരിലാണ്. എകെജി പഠന ഗവേഷണ കേന്ദ്രത്തിന് കേരള സര്‍വ്വകലാശാലയുടെ കൈവശമിരുന്ന 34 സെന്റ് സര്‍ക്കാര്‍ പതിച്ച് നൽകിയത്. പഠന ഗവേഷണ കേന്ദ്രത്തിൽ നേതാക്കൾ കേന്ദ്രീകരിച്ച് തുടങ്ങിയതോടെ അത് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായി പരിണമിക്കുകയായിരുന്നു. സിപിഎം ആസ്ഥാന മന്ദിരമെന്ന് ബോര്‍ഡ് വയ്ക്കാൻ പോലും അതുകൊണ്ട് തന്നെ പാര്‍ട്ടിക്ക് കഴിയുകയുമില്ല .
പുതിയ കെട്ടിടത്തിന്റെ പണി അതിവേഗം പുരോഗമിക്കുകയാണ്. 5380 സ്ക്വയർ മീറ്റർ കെട്ടിടമാണ് പുതിയതായി പണിയുന്നത്. ആദ്യം ആറു നില കെട്ടിടത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കും. ആകെ ഒമ്പതു നിലയുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്. പുതിയ സംസ്ഥാന ആസ്ഥാനം വരുന്നതോടെ എകെജി സെന്റര്‍ പൂര്‍ണ്ണമായും പഠന ഗവേഷണ കേന്ദ്രമായി മാറും. വിപുലീകരിച്ച ലൈബ്രൈറിയും താമസ സൗകര്യവും എല്ലാം എകെജി സെന്ററിൽ സജ്ജമാക്കാനാണ് തീരുമാനം.
Read More : കോടിയേരിയുടെ നിര്യാണ വാർത്തയ്ക്ക് താഴെ വിദ്വേഷ കമന്‍റ്; അധ്യാപികയ്ക്ക് സസ്പെൻഷൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam