കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക ഗിരിജയെയാണ് സസ്പെന്റ് ചെയ്തത്. സംഭവത്തിൽ അധ്യാപികക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തിരുന്നു. കൊല്ലപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരി കൂടിയാണ് ഗിരിജ. 

കണ്ണൂര്‍: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണ വാ‍ർത്തയ്ക്ക് താഴെ വിദ്വേഷ കമന്റിട്ട അധ്യാപികയെ സസ്പെന്റ് ചെയ്തു. കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക ഗിരിജയെയാണ് സസ്പെന്റ് ചെയ്തത്. സംഭവത്തിൽ അധ്യാപികക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തിരുന്നു. കൊല്ലപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരി കൂടിയാണ് ഗിരിജ. 

കോടിയേരി ബാലകൃഷ്ണന്റെ മ‍ൃതശശീരം തലശ്ശേരി ടൗൺഹാളിൽ പൊതു ദർശനത്തിന് വച്ച കഴിഞ്ഞ ഞായറാഴ്ച ഏഷ്യാനെറ്റ് ന്യൂസ് തൽസമയ വാർത്തയ്ക്ക് താഴെയാണ് അധ്യാപിക വിദ്വേഷ കമന്റിട്ടത്. കോടിയേരിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും അപകീ‍ർത്തിപ്പെടുത്തുന്ന പോസ്റ്റ് ഇട്ട ഗിരിജ കെ വി കൊല്ലപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരി ആണെന്ന് വ്യക്തമായതോടെ ഇവർക്കെതിരെ സിപിഎം പ്രവർത്തകൻ ജിജോ കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഐപിസി 153 പ്രകാരം കലാപാഹ്വാനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഗിരിജയ്ക്കെതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിലവിൽ കോഴിക്കോട് ജില്ലയിലെ എടച്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഗിരിജ താമസിക്കുന്നത് എന്നതിനാൽ കേസ് അങ്ങോട്ടേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍, സിപിഎം ഇപ്പോഴും രാഷ്ട്രീയ പക വീട്ടുകയാണെന്നാണ് ബിജെപിയുടെ ആരോപണം. 

കെ ടി ജയകൃഷ്ണൻ മാസ്റ്ററെ കൊന്നിട്ടും കലി തീരാതെ ആ കുടുംബത്തെയും വേട്ടയാടുന്ന നടപടി ഫാസിസമാണെന്നാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തിയത്. ഇത് ഭീരുത്വമാണ് , വേട്ടയാടൽ തുടർന്നാൽ കോടിയേരി ബാലകൃഷ്ണൻ എന്ന നേതാവും വിമർശിക്കപ്പെടുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

സ്വർഗീയ കെ ടി ജയകൃഷ്ണൻ മാസ്റ്റർ . പഠിപ്പിക്കുന്ന ക്ലാസ്സിൽ കൊച്ചുകുട്ടികളുടെ മുൻപിൽ വച്ച് വെട്ടി നുറുക്കപ്പെട്ട യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ . ലക്ഷക്കണക്കിന് വരുന്ന സംഘപരിവാർ പ്രവർത്തകർ കനലായി നെഞ്ചിൽ ഇന്നും കൊണ്ട് നടക്കുന്ന നാമം .ഇപ്പോഴെന്തിനാണ് ഇത് പറയുന്നത് എന്ന് തോന്നുന്നുണ്ടോ ? കോടിയേരി ബാലകൃഷ്ണനെ അവഹേളിച്ചു എന്ന പേരിൽ പിണറായി സർക്കാർ കേസ് എടുത്ത് വേട്ടയാടുന്നത് ഞങ്ങളുടെ നെഞ്ചിലെ കനലായ ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരി ഗിരിജയെ ആണെന്നുള്ളത് കൊണ്ടാണ് .

കൂത്തുപറമ്പ് ഹൈസ്‌കൂൾ അദ്ധ്യാപികയായ ശ്രീമതി ഗിരിജ രണ്ട് മാസമായി ഒരു ആക്സിഡന്റിനെ തുടർന്ന് ഇരു കയ്യും ഒടിഞ്ഞ് കിടക്കുകയാണ് . ഫോൺ എടുക്കുന്നതും ഭക്ഷണം വാരി കൊടുക്കുന്നതും എല്ലാം ഭർത്താവായ അജയ് കുമാറാണ് . നാട് കണ്ട ഏറ്റവും മൃഗീയമായ കൊലപാതകത്തിന് ജയകൃഷ്ണൻ മാസ്റ്റർ ഇരയാവുമ്പോൾ കണ്ണൂർ സിപിഎമ്മിൽ കോടിയേരി അറിയാതെ ഇലയനങ്ങാത്ത കാലമായിരുന്നു എന്ന് എല്ലാവർക്കുമറിയാം . അജയ്കുമാർ ഭാര്യ ഗിരിജയുടെ മൊബൈലിൽ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട നിരുപദ്രവമായ ഒരു കമന്റ് ഉയർത്തിയാണ് ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരിയെ വേട്ടയാടുന്നത് .അന്തരിച്ച നേതാവ് എന്ന നിലക്ക് ഉടനടി സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയനാക്കുന്നത് ധാർമ്മികമല്ല എന്ന ബോധ്യമാണ് കോടിയേരിയെ വിമർശിക്കുന്നതിൽ നിന്ന് ഞങ്ങളെ വിലക്കുന്ന ഏക ഘടകം . അല്ലാതെ പിണറായി വിജയന്റെ ഫാസിസ്റ്റ് ഭരണ നടപടികളോടുള്ള ഭയമല്ല . എന്നാലും ചുരുങ്ങിയ വാക്കുകളിൽ ചിലത് പറയാതെ വയ്യ . ജീവിച്ചിരുന്ന കോടിയേരിക്ക് സ്വന്തം മക്കളുണ്ടാക്കിയ മാനക്കേടിന്റെ അത്രയൊന്നും മരണ ശേഷം ചിലർ നടത്തിയ കമന്റുകൾ ഉണ്ടാക്കിയിട്ടില്ല .

കെടി ജയകൃഷ്ണൻ മാസ്റ്ററെ കൊന്നിട്ടും കലി തീരാതെ ആ കുടുംബത്തെയും വേട്ടയാടുന്ന നടപടി ഫാസിസമാണ്, ഭീരുത്വമാണ് പിണറായീ . വേട്ടയാടൽ തുടർന്നാൽ കോടിയേരി ബാലകൃഷ്ണൻ എന്ന നേതാവും വിമർശിക്കപ്പെടും , തുറന്ന് കാണിക്കപ്പെടും . മനസ്സിലിരിക്കട്ടെ ...