'കേരളത്തിൽ രാഷ്ട്രീയ കൊലപാതങ്ങൾ നടത്തുന്നത് ആർഎസ്എസും പോപ്പുലർ ഫ്രണ്ടും';വിമര്‍ശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ

By Web TeamFirst Published Sep 27, 2022, 3:48 PM IST
Highlights

കേരളം ഭീകരതയുടെ ഹോട്ട്സ്പോട്ട് ആണെന്ന  ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ പരാമർശം കേരളത്തിലെ സമാധാനം തകർക്കാനും വർഗീയ ധ്രുവീകരണത്തിനും വേണ്ടിയുള്ളതാണെന്ന് പൊളിറ്റ് ബ്യൂറോ വിമര്‍ശിച്ചു.

ദില്ലി: കേരളത്തിൽ രാഷ്ട്രീയ കൊലപാതങ്ങൾ നടത്തുന്നത് ആർഎസ്എസും പോപ്പുലർ ഫ്രണ്ടുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. കേരളം ഭീകരതയുടെ ഹോട്ട്സ്പോട്ട് ആണെന്ന  ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ പരാമർശം കേരളത്തിലെ സമാധാനം തകർക്കാനും വർഗീയ ധ്രുവീകരണത്തിനും വേണ്ടിയുള്ളതാണെന്ന് പൊളിറ്റ് ബ്യൂറോ വിമര്‍ശിച്ചു.

പ്രകോപനങ്ങൾ ഉണ്ടാക്കാതിരിക്കാനും ബിജെപി അധ്യക്ഷൻ ആർഎസ്എസിനോട് ഉപദേശിക്കണമെന്ന് പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. എല്ലാ തീവ്ര സംഘടനകൾക്കുമെതിരെ എല്‍ഡിഎഫ് സർക്കാർ സ്വീകരിക്കുന്നത് കർശന നടപടിയാണെന്നും കേരളത്തിലെ ജനങ്ങൾ സാമുദായിക സൗഹാർദമുള്ളവരാണെന്നും അക്രമം വെച്ചുപൊറുപ്പിക്കില്ലെന്നും പിബി അഭിപ്രായപ്പെട്ടു.

അതേസമയം, വർഗീയ സംഘടനകളെ നിരോധിക്കുന്നെങ്കിൽ പോപ്പുലർ ഫ്രണ്ടിനെയല്ല, ആദ്യം ആർഎസ്എസിനെ ഇന്ത്യയിൽ നിരോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പിഎഫ്ഐയെ നിരോധിക്കണമെന്ന അഭിപ്രായം സി പി എമ്മിനില്ല. നിരോധിച്ചാൽ അവർ മറ്റ് പേരുകളിൽ അവതരിക്കും. കേരളത്തിൽ എസ്‍ഡിപിഐ - സിപിഎം സഖ്യം എന്നത് എതിരാളികളുടെ വ്യാജ പ്രചാരണം മാത്രമാണെന്നും എം വി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു. കേരളത്തിൽ ഹർത്താലുകൾ നിരോധിക്കണം എന്ന അഭിപ്രായം സിപിഎമ്മിനില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സിൽവർ ലൈനിന്റെ പേരിൽ നടന്നത് അക്രമ സമരങ്ങളായതിനാൽ ആ കേസുകളൊന്നും പിൻവലിക്കുന്ന പ്രശ്നമില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന ഏജൻസിയാണ് എസ്ഡിപിഐയെന്ന് എം വി ജയരാജനും കുറ്റപ്പെടുത്തി. ഇവരെ നിരോധിക്കുന്നത് ഒറ്റ മൂലിയല്ല. ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. കേരള പൊലീസ് കാര്യക്ഷമമായി പ്രവർത്തിച്ചത് കൊണ്ടാണ് എൻഐഎയ്ക്ക് റെയ്ഡ് നടത്തി പോകാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

click me!