
തിരുവനന്തപുരം: പ്രതിക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻമന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവർ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ ഇവർക്കെതിരായ അഴിമതി ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന സി പി എമ്മിന്റെ വാദം പൂർണമായും അപ്രസക്തമായെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടുള്ള ഡിവിഷൻ ബെഞ്ചിന്റെ വിധി സി പി എം നേതൃത്വത്തിന്റെയും അണികളുടെയും കണ്ണുതുറപ്പിക്കാൻ പര്യാപ്തമാണ്. കോടതിവിധികളെ രാഷ്ട്രീയപ്രേരിതമെന്ന് മുദ്രകുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സി പി എമ്മിന്റെ ശ്രമങ്ങൾ ഇനി വിലപ്പോവില്ലെന്നും കെ പി സി സി പ്രസിഡന്റ് അഭിപ്രായപ്പെട്ടു. രണ്ട് കോടതികളുടെയും വിധികൾ ഉൾക്കൊണ്ട് അന്വേഷണവുമായി സഹകരിക്കാനും നിയമനടപടികളെ നേരിടാനും സി പി എം നേതൃത്വം തയ്യാറാകണം. അഴിമതി ആരോപണങ്ങൾ ഉയരുമ്പോൾ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുന്ന സമീപനം ജനാധിപത്യത്തോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്. നിയമത്തിന് മുന്നിൽ എല്ലാവരും ഒരുപോലെയാണെന്ന യാഥാർഥ്യം സി പി എം നേതൃത്വം അംഗീകരിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
അതേസമയം മാസപ്പടി ഹവാല കേസുകളിൽ പിണറായി വിജയനടക്കമുള്ള പ്രതികൾക്ക് ഹൈക്കോടതിയിൽ ഇന്ന് വലിയ തിരിച്ചടിയാണ് നേരിട്ടത്. അഴിമതിയിൽ കേസ് എടുക്കാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാനുള്ള അനുമതി അപേക്ഷ ഡിവിഷൻ ബെഞ്ച് തള്ളി. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ പ്രതികളെ കേൾക്കേണ്ടതില്ലെന്നും നിയമപരമായ അവകാശങ്ങളുടെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കി. മതിയായ തെളിവുണ്ടെങ്കിൽ പ്രാഥമിക അന്വേഷണം വേണ്ടെന്ന ഹൈക്കോടതി നിലപാട് സർക്കാറിനേറ്റ തിരിച്ചടി കൂടിയായി. ഇ ഡി കത്തിൽ അഴിമതി തടയൽ നിയമ പ്രകാരം കേസെടുക്കാൻ നിർദ്ദേശിച്ച സിംഗിൾ ബെഞ്ച് നടപടി നിയമപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും അപ്പീൽ നൽകാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ ടി അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ എതിർകക്ഷിയല്ലാത്ത തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്നായിരുന്നു പ്രാധാന വാദം. എന്നാൽ പ്രതിഭാഗം ഉയർത്തിയ എല്ലാ വാദങ്ങളും തള്ളിയാണ് അപ്പീൽ അനുമതി ഡിവിഷൻ ബെഞ്ച് തള്ളിയത്. കേസ് എടുക്കാൻ നിർദ്ദേശിച്ച ജസ്റ്റിസ് എ ബദറുദ്ദീനിന്റെ ഉത്തരവ് പ്രതികളുടെ നിയമപരമോ, ഭരണഘടനാപരമോ ആയ അവകാശത്തെ ബാധിക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam