യുപിയില്‍ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം; ശക്തമായ പ്രതിഷേധമെന്ന് സിപിഎം

By Web TeamFirst Published Mar 23, 2021, 4:28 PM IST
Highlights

ഏതൊരു പൗരനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്‍റെ  നഗ്നമായ ലംഘനമാണ്‌ ബിജെപി ഭരണത്തിന് കീഴില്‍ സംഘപരിവാര്‍ നടത്തുന്നത്‌. 

തിരുവനന്തപുരം: യുപിയില്‍ ട്രെയിന്‍ യാത്രക്കിടെ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി സിപിഎം. രാജ്യത്ത് മതനിരപേക്ഷത അപടത്തിലായതിന്‍റെ തെളിവാണിതെന്ന് സിപിഎം ആരോപിച്ചു. ഏതൊരു പൗരനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്‍റെ  നഗ്നമായ ലംഘനമാണ്‌ ബിജെപി ഭരണത്തിന് കീഴില്‍ സംഘപരിവാര്‍ നടത്തുന്നത്‌. രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ ഒന്നടങ്കം ഇതിനെതിരെ രംഗത്തുവരണം. ബജ്രംഗ്‌ദള്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു.

ട്രെയിൻ യാത്രയ്ക്കിടെ കഴിഞ്ഞ വെള്ളിയാഴ്ച  ഝാൻസിയിൽ വച്ചാണ് മതമാറ്റ ശ്രമം ആരോപിച്ച് കന്യാസ്ത്രീകൾക്ക് നേരെ ആക്രമണമുണ്ടായത്. തിരുഹൃദയ സഭയിലെ നാല് കന്യാസ്ത്രീകൾക്ക് നേരെയാണ് അതിക്രമം നടന്നത്.  സന്യാസ പഠനം നടത്തുന്ന ഒഡീഷ സ്വദേശികളായ രണ്ടു പേരെ വീട്ടിലെത്തിക്കാനുള്ള  യാത്രയ്ക്കിടെയാണ് കയ്യേറ്റ ശ്രമം നടന്നതെന്നാണ് കന്യാസ്ത്രീകള്‍ പറയുന്നത്. വിദ്യാര്‍ത്ഥികളായതിനാല്‍ ഒപ്പമുള്ള രണ്ടുപേര്‍  സഭാ വസ്ത്രം  ധരിച്ചിരുന്നില്ല. ഇവരെ മതം മാറ്റാൻ കൊണ്ടുപോകുകയാണ് എന്നാരോപിച്ചായിരുന്നു  ആക്രമണം. ട്രെയിനിൽ കൂടെ യാത്ര ചെയ്യുകയായിരുന്ന ഒരു സംഘം ബജ്റംഗദള്‍  പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന്  കന്യാസ്ത്രീകള്‍ ആരോപിക്കുന്നു. 
 

click me!