
കൊല്ലം: രഞ്ജിത്തിന്‍റെ കൊലപാതകത്തിൽ സരസൻപിള്ളക്കെതിരായ ആരോപണം നിഷേധിച്ച് സിപിഎം. അരിനെല്ലൂർ ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ളയ്ക്ക് കൊലപാതകവുമായി ബന്ധമില്ലെന്ന് സിപിഎം അരിനെല്ലൂർ ലോക്കൽ സെക്രട്ടറി മധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇപ്പോൾ പിടിയിലായ പ്രതി വിനീതും കുടുംബവും കോൺഗ്രസ് പശ്ചാത്തലമുള്ളവരാണെന്നും പെൺകുട്ടിയെ കമന്‍റടിച്ചതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ലോക്കൽ സെക്രട്ടറി പറഞ്ഞു.
കൊല്ലം തേവലക്കരയിൽ വിദ്യാർത്ഥിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ച് കൊന്ന സംഭവത്തിൽ സിപിഎമ്മിന്‍റെ ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരെ പ്രതിചേർക്കാൻ പൊലീസ് തയ്യാറാകാതിരുന്നത് വിവാദമായിരുന്നു. ചവറ തെക്കുംഭാഗത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ളയുടെ നേതൃത്വത്തിലാണ് ആറംഗ സംഘം വീട്ടിലെത്തിയതെന്നാണ് മരിച്ച രഞ്ജിത്തിന്‍റെ ബന്ധുക്കളും ദൃക്സാക്ഷികളും പറയുന്നത്.
എന്നാൽ, തലയക്കടിച്ച കേസിൽ ജയിൽ വാർഡൻ വിനീതിനെ മാത്രം പ്രതിചേർത്ത് മറ്റുള്ളവരെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നു എന്നാണ് ആരോപണം. മാധ്യമങ്ങൾക്ക് മുന്നിലും ദൃക്സാക്ഷി മൊഴികളിലും സരസൻ പിള്ളയുടെ പേരുണ്ടായിട്ടും പ്രതിചേർക്കാനോ കസ്റ്റഡിയിലെടുക്കാനോ പൊലീസ് ഇത് വരെ തയ്യാറായിട്ടില്ല.
രഞ്ജിത്തിന്‍റെ വീട്ടിലെത്തിയ സംഘത്തിൽ സരസൻ പിള്ള ഉണ്ടായിരുന്നുവെന്ന് പൊലീസ് സമ്മതിക്കുന്നുണ്ട്. എന്നാൽ, തലയ്ക്ക് അടിച്ച് വീഴ്ത്തിയത് ജയിൽ വാർഡൻ വിനീതാണെന്ന് പറഞ്ഞാണ് വിനീതിനെതിരെ മാത്രം നടപടി എടുത്തത്. സരസൻ പിള്ളക്കെതിരെ മറ്റ് തെളിവുകൾ കിട്ടിയില്ലെന്നും പൊലീസ് വിശദീകരിക്കുന്നു.
തുടക്കം മുതൽ കേസ് ഒതുക്കി തീർക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. ഫെബ്രുവരി പതിനാലിന് നടന്ന സംഭവത്തിൽ ചവറ തെക്കും ഭാഗം പൊലീസ് സ്റ്റേഷനിൽ രഞ്ജിത്തും കുടുംബവും കേസ് കൊടുത്തിട്ടും മൊഴിയെടുക്കാൻ പോലും തയ്യാറായില്ലെന്ന് മാത്രമല്ല, കൌണ്ടർ കേസ് ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പൊലീസ് ഒത്തുതീർപ്പിന് കുടുംബത്തെ സമീപിച്ചതായും രഞ്ജിത്തിന്‍റെ അച്ഛൻ വെളിപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 14 നാണ് രഞ്ജിത്തിന് മര്‍ദ്ദനമേറ്റത്. വീട്ടിൽ പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ അന്വേഷിച്ച് ആദ്യമെത്തിയത് പന്ത്രണ്ടോളം പേരടങ്ങിയ സംഘമായിരുന്നു. ഇവര്‍ പോയതിന് ശേഷം ജയിൽ വാര്‍ഡൻ വിനീതിന്‍റെ നേതൃത്വത്തിൽ ആറ് പേരടങ്ങിയ സംഘം വീട്ടിലെത്തി രഞ്ജിത്തിനെ വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ബന്ധുവായ പെൺകുട്ടിയെ കളിയാക്കി എന്നാരോപിച്ചായിരുന്നു മർദ്ദനം. എന്നാൽ സംഭവത്തിൽ രഞ്ജിത്ത് നിരപരാധിയാണെന്ന് പ്രാഥമികാന്വേഷണത്തിൽ പൊലീസും സ്ഥിരീകരിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam