
തിരുവനന്തപുരം: 45 വർഷത്തെ ഭരണം കൊണ്ട് സിപിഎം തിരുവനന്തപുരം നഗരം നശിപ്പിച്ചെന്നും, നഗരം വീണ്ടെടുക്കാൻ അധികാരം ലഭിച്ചാൽ നാല്പത്തഞ്ച് ദിവസത്തിനകം വികസന രേഖ അവതരിപ്പിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി തിരുവനന്തപുരം നഗരസഭ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയും വികസന രേഖയും പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
‘വികസിത തിരുവനന്തപുരവും അഴിമതി രഹിത ഭരണവുമാണ് ബിജെപി വാഗ്ദാനം ചെയ്യുന്നത്. ജനാധിപത്യ സംവിധാനത്തിൽ സാധാരണ പൗരൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളാണ്’. അവയിലേയ്ക്കുള്ള തിരഞ്ഞടുപ്പിനെ വളരെ പ്രാധാന്യത്തോടെ കാണണമെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. 45 വർഷം തുടർച്ചയായി നഗരസഭ ഭരിച്ച സിപിഎം, നഗരത്തിന് ഒന്നും നൽകിയിട്ടില്ല. നഗരം ഭരിയ്ക്കാൻ ഒമ്പത് പ്രാവശ്യം നഗരവാസികൾ അവസരം നൽകിയ സിപിഎം അത് അഴിമതി നടത്തി കൊള്ളയടിക്കാനുള്ള അവസരമാക്കി മാറ്റിയെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.