
പത്തനംതിട്ട: പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 24-ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയിലെ 7 വില്ലേജുകൾ വിജ്ഞാപനത്തിൽ ഉൾപ്പെട്ടതിൽ ഒന്ന് പോലും ഒഴിവാക്കിയിട്ടില്ലെന്നും, ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ വെറുംകയ്യോടെ ഇറങ്ങിപ്പോകണമെന്നാണോ റാന്നി എം.എൽ.എ പറയുന്നത് എന്ന് ചോദിച്ച രാജു എബ്രഹാം, റാന്നി എം.എൽ.എ എന്തുകൊണ്ടാണ് ഹർത്താലിനെ എതിർക്കുന്നത് എന്ന് അറിയില്ലെന്നും കൂട്ടിച്ചേർത്തു.
എന്നാൽ എൽ.ഡി.എഫിന്റെ ഹർത്താൽ ആഹ്വാനത്തെ രൂക്ഷമായി വിമർശിച്ച് പഴകുളം മധു എം.എൽ.എ രംഗത്തെത്തി. സർക്കാർ സമർപ്പിക്കുന്ന റിപ്പോർട്ടിനെതിരെ തന്നെയാണ് ഇവർ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നതെന്നും, ജനങ്ങളെ വഞ്ചിക്കാനാണ് ഈ ഹർത്താലെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ ഒരു അടിയന്തര പ്രമേയം പോലും നിയമസഭയിൽ കൊണ്ടുവരാൻ ഇടതുമുന്നണി തയ്യാറായിട്ടില്ലെന്നും, കേരളത്തിൽ മറ്റൊരു ജില്ലയിലും ഇത്തരത്തിൽ ഹർത്താൽ ഇല്ലെന്നും പഴകുളം മധു എം.എൽ.എ ചൂണ്ടിക്കാട്ടി.
അതേസമയം,പരിസ്ഥിതി ലോല മേഖലയും ഭൂപ്രശ്നങ്ങളും ഉന്നയിച്ച് ഇടുക്കി ജില്ലയിൽ സി.പി.എം ആഹ്വനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു. പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. സി.എച്ച്.ആർ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകൾ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹർത്താൽ. പരിസ്ഥിതി ലോല മേഖലയായി നിർണയിക്കപ്പെട്ട പ്രദേശങ്ങളുടെ കാഡസ്ട്രൽ മാപ്പിൽ വ്യക്തതയില്ലെന്നാണ് സി.പി.എമ്മിന്റെ പ്രധാന ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam