
തിരുവനന്തപുരം:
മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് ലഭിച്ച മഗ്സെസെ പുരസ്ക്കാരം സിപിഎം ഇടപെട്ട് വിലക്കി. നിപ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കണക്കിലെടുത്തായിരുന്നു ഈ വർഷത്തെ പുരസ്ക്കാരത്തിന് ശൈലജയെ തെരഞ്ഞെടുത്തിരുന്നത്. അതേസമയം, താനും പാർട്ടി നേതൃത്വവും കൂട്ടായി ആലോചിച്ച് അവാർഡ് സ്വീകരിക്കാനാകില്ലെന്ന് മഗ്സേസെ ഫൗണ്ടേഷനെ അറിയിച്ചതായി ശൈലജ സ്ഥിരീകരിച്ചു.
ഏഷ്യയിലെ നോബൽ സമ്മാനം എന്ന് അറിയപ്പെടുന്ന മഗ്സെസെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതായി ഫൗണ്ടേഷൻ ശൈലജയെ അറിയിക്കുന്നത് മൂന്ന് മാസങ്ങൾക്ക് മുമ്പാണ്. നിപ-കൊവിഡ് കാലത്തെ കേരളത്തിന്‍റെ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനായിരുന്നു അന്താരാഷ്ട്രാ ബഹുമതി. അവാർഡ് വിവരം സിപിഎം കേന്ദ്ര് കമ്മിറ്റി അംഗമായ ഷൈലജ തന്നെയാണ് പാർട്ടിയെ അറിയിച്ചത്. ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ നടത്തിയ ചർച്ചയിലാണ് നിരസിക്കാനുള്ള തീരുമാനമെടുത്തത്. മൂന്ന് കാരണങ്ങളാണ് പാർട്ടി നിരത്തുന്നത്. ഒന്ന് നിപ- കൊവിഡ് പ്രതിരോധ പ്രവർത്തനം ഒരു വ്യക്തിയുടെ മാത്രം നേട്ടമല്ല. അവാർഡ് വ്യക്തിക്ക് മാത്രവുമാണ്. രണ്ട് രാഷ്ട്രീയനേതാക്കൾക്ക് മഗ്സെസെ അവാർഡ് നൽകുന്ന പതിവില്ല. മൂന്ന് ഫിലിപ്പൈൻസിലെ കമ്മ്യൂണിസ്റ്റ് ഗറില്ലകളെ കൊന്നൊടുക്കിയ മുൻ ഭരണാധികാരിയായ റമോൺ മഗ്സേസെയോടുള്ള എതിർപ്പ്.
കഴിഞ്ഞ നാസം ആദ്യമാണ് ശൈലജ അവാർഡ് സ്നേഹപൂർവ്വം നിരസിക്കുന്ന വിവരം ഫൗണ്ടേഷനെ ഇ മെയിലിലൂടെ അറിയിച്ചത്. പിന്നാലെ കഴിഞ്ഞ ദിവസം ഈ വർഷത്തെ പുരസ്ക്കാരം നാല് പ്രമുഖ വ്യക്തികൾക്ക് പ്രഖ്യാപിച്ചു. മദർ തെരേസ, ആചാര്യ വിനോഭാഭാവെ, സത്യജിത് റായ്. എംഎസ് സുബ്ബലക്ഷ്ണി അടക്കം ഇന്ത്യയിലെ മഹദ് വ്യക്തികൾക്ക് ഇതുവരെ മഗസേസെ പുരസ്ക്കാരം ലഭിച്ചിരുന്നു. രാഷ്ട്രീയത്തിലറങ്ങും മുമ്പ് അഴിമിതി വിരുദ്ധ പ്രവർത്തനങ്ങൾക്ക് അരവിന്ദ് കെജ്രവിളനു് പുരസ്ക്കാരം കിട്ടിയിരുന്നു. രാജ്യത്ത് സജീവ രാഷ്ട്രീയത്തിലുള്ള വ്യക്തിയെ ആദ്യമായാണ് മഗ്സെസെക്ക് പരിഗണിക്കുന്നത്. ശൈലജക്ക് കിട്ടേണ്ട ബഹുമതി സിപിഎം ഇടപെട്ട് തടഞ്ഞു എന്ന രീതിയിലാണ് ഉയരുന്ന വിമർശനങ്ങൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam