അമ്പലപ്പുഴയിലടക്കം പാർട്ടി പരിശോധന; സുധാകരൻ കമ്മിറ്റിയിൽ പങ്കെടുക്കാത്തതിന്‍റെ കാരണം അറിയില്ലെന്നും വിജയരാഘവൻ

By Web TeamFirst Published Jul 10, 2021, 4:58 PM IST
Highlights

ജയിക്കേണ്ട ചില മണ്ഡലങ്ങളില്‍ സംഘടനാപരമായ പരിമിതികളുണ്ടായി. വലിയ വിജയത്തിനിടെ ഉണ്ടായ പോരായ്മകള്‍ പാര്‍ട്ടി കാണാതെ പോകില്ലെന്നും വിജയരാഘവന്‍

തിരുവനന്തപുരം: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ലഭിച്ച പരാതികളുടെ നിജസ്ഥിതി പരിശോധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഏതെങ്കിലും വ്യക്തിയെ കേന്ദ്രീകരിച്ചല്ല അന്വേഷണം നടക്കുക. ജി സുധാകരന്‍ സംസ്ഥാന സമിതിയില്‍ പങ്കെടുക്കാത്തത് അറിയില്ല. ചില പോരായ്മകള്‍ തെരഞ്ഞെടുപ്പില്‍ സംഭവിച്ചിട്ടുണ്ട്. ജയിക്കേണ്ട ചില മണ്ഡലങ്ങളില്‍ സംഘടനാപരമായ പരിമിതികളുണ്ടായെന്നും വിജയരാഘവന്‍ പറഞ്ഞു.

ജോസ് കെ മാണിയും ശ്രേയാംസ് കുമാറും പരാജയപ്പെട്ടു. വലിയ വിജയത്തിനിടെ ഉണ്ടായ പോരായ്മകള്‍ പാര്‍ട്ടി കാണാതെ പോകില്ല. പാര്‍ട്ടി അവയെ ഗൌരവപൂര്‍വ്വം പരിഗണിക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ പരാതികള്‍ പരിശോധിക്കും. ഇത്തരം വീഴ്ചകള്‍ വരുംകാലങ്ങളില്‍ ഉണ്ടാകാതെ ഇരിക്കാനാണ് പരിശോധനയെന്നും വിജയരാഘവന്‍ പറഞ്ഞു. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത എല്ലാവർക്കും ആവശ്യമായ പാർട്ടി വിദ്യാഭ്യാസം നൽകുമെന്നും വിജയരാഘവന്‍ പറഞ്ഞു. 

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ജി സുധാകരനെതിരെ ഉയർന്ന പരാതികള്‍ അന്വേഷിക്കാന്‍ കെ ജെ തോമസും എളമരം കരീമും അംഗങ്ങളായ അന്വേഷണ കമ്മീഷനാണ് ചുമതല. അന്വേഷണം വ്യക്തിപരമല്ലെന്ന് നേതൃത്വം പറയുമ്പോഴും പരാതികൾ ജി സുധാകരനെതിരെ മാത്രമാണ്. അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പ്  പ്രചാരണത്തിൽ സജീവമായില്ലെന്നാണ് പ്രധാന വിമർശനം. പരാതികളുയർന്ന മറ്റ് മണ്ഡലങ്ങളിലും കർശന പരിശോധനകളിലേക്കാണ് സിപിഎം കടക്കുന്നത്. ഘടകകക്ഷി നേതാക്കൾ തോറ്റ പാലായിലും കൽപ്പറ്റയിലും ജില്ലാ കമ്മിറ്റികൾ പരിശോധന നടത്തും. സംഘടനാ രംഗവും ഭരണരംഗവും മെച്ചപ്പെടുത്താനുള്ള കർമ്മ പദ്ധതികൾക്കും സംസ്ഥാന സമിതി രൂപം നൽകി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.


 

click me!