
കൊല്ലം : സ്വകാര്യ സർവകലാശാലകൾക്ക് പിന്നാലെ, ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾക്ക് പച്ചക്കൊടിയുമായി സിപിഎമ്മിന്റെ നവകേരള നയരേഖ. ഉന്നത വിദ്യാഭ്യാസ മേഖലയിലും ടൂറിസം മേഖലയിലും കൂടുതൽ സ്വകാര്യ പങ്കാളിത്തത്തിന് സിപിഎം പച്ചക്കൊടി നൽകി. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയിൽ പറയുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ ഉന്നത വിദ്യാഭ്യാസ ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കും. വിദ്യാർത്ഥികളുടെ വിദേശ ഒഴുക്ക് തടയാൻ സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപനങ്ങൾ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
വ്യവസായിക ക്ലസ്റ്റർ രൂപീകരിക്കും. പരമ്പരാഗത വ്യവസായങ്ങളെ ഒരു കുട കീഴിൽ കൊണ്ടുവരാനാണ് കോൺക്ലേവ്. ഐടി പാർക്കുകൾ സംയോജിപ്പിക്കും. അടുത്ത വർഷത്തോടെ 15000 സ്റ്റാർട്ടപ്പുകൾ ആരംഭിക്കും. 1 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. സിൽവർ ലൈൻ യാഥാർഥ്യമാക്കും. മൾട്ടി മോഡൽ പൊതു ഗതാഗത സംവിധാനം കൊണ്ടുവരും. തമിഴ്നാട് അടക്കം മറ്റ് സംസ്ഥാനങ്ങൾ നടപ്പാക്കിയ വീട്ടമ്മമാർക്ക് പെൻഷൻ നൽകുന്നതും പരിഗണനയിലുണ്ട്.
ടൂറിസം മേഖലയിലും വൻ സ്വകാര്യ നിക്ഷേപം സ്വീകരിക്കാനാണ് നവരേഖയിലെ നിർദ്ദേശം. കെ ഹോംസ് എന്ന പേരിൽ സംസ്ഥാനത്ത് വൻകിട ഹോട്ടലുകൾ സ്ഥാപിക്കാൻ നിക്ഷേപങ്ങൾ ആകർഷിക്കും. ടൂറിസം നിക്ഷേപ സെൽ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam