
തിരുവനന്തപുരം: പാറശാലയിൽ സിപിഎം ജില്ലാ നേതൃത്വം നടത്തിയ മെഗാ തിരുവാതിരയിൽ സംസ്ഥാന നേതൃത്വം വിശദീകരണം തേടും. പാർട്ടി വൈകാരിക ഘട്ടത്തിലൂടെ കടന്നുപോയപ്പോൾ എതിരാളികൾക്ക് അവസരം നൽകിയെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. വീഴ്ച സംഭവിച്ചുവെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും തിരുവാതിര ഒഴിവാക്കണമായിരുന്നുവെന്ന് വി.ശിവൻകുട്ടിയും പ്രതികരിച്ചു
സമ്മേളന പകിട്ട് കൂട്ടാനുള്ള വ്യഗ്രതയിൽ വകതിരിവ് മറന്ന തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന്‍റെ നടപടിയിൽ സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. തളിപറമ്പിൽ ചിതയെരിഞ്ഞടങ്ങും മുമ്പ് തന്നെ തലസ്ഥാനത്തെ ആൾക്കൂട്ടവും ആനന്ദനൃത്തവും പ്രവർകരേയും അനുഭാവികളെയും അടക്കം പാർട്ടി ശരീരത്തെയാകെ പൊള്ളിച്ചു. ഇടുക്കി കൊലപാതകത്തിൽ കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രതിഷേധം സിപിഎം ഉയർത്തുമ്പോൾ പാറശാലയിൽ തിരുവാതിര നടത്തിയത് കെപിസിസി നേതാക്കൾ ആയുധമാക്കിയിരുന്നു. വിപ്ലവ തിരുവാതിരയിൽ ചുവട് പിഴച്ച ജില്ലാ നേതൃത്വം മറുപടി പറയേണ്ട നിലയാണിപ്പോൾ. വനിതാ സഖാക്കൾ തിരുവാതിരക്ക് തയ്യാറെടുത്തപ്പോൾ പിന്തിരിപ്പിക്കാനായില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ മറുപടി. ഇക്കാര്യത്തിലുണ്ടായ വീഴ്ചയും അവര്‍ തുറന്നു സമ്മതിക്കുന്നു.
കണ്ണൂരിൽ പി.ജയരാജനെ സ്തുതിച്ച് കൊണ്ടുള്ള ഗാനം പ്രചരിച്ചപ്പോൾ ജില്ലാ സെക്രട്ടറി പദവിയിൽ ഇരിക്കെ തന്നെ പി.ജയരാജൻ പാർട്ടി ശാസന നേരിട്ടിരുന്നു. തിരുവനന്തപുരത്ത് ജില്ലാ നേതൃത്വം ഔദ്യോഗികമായി നടത്തിയ കലാപരിപാടിയുടെ ഉള്ളടക്കം പിണറായി സ്തുതിയാണ്. സിപിഎമ്മിൽ അനുവദനീയമല്ലാത്ത വ്യക്തിപൂജക്ക് ജില്ലാ സമ്മേളനം വേദിയായതിലും വിമർശനങ്ങൾ ശക്തമാണ്. എത്ര വിശദീകരിച്ചാലും തലസ്ഥാനത്തെ കാരണഭൂതർ പ്രതിരോധത്തിലാവുന്ന നിലയാണിപ്പോൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam