
തിരുവനന്തപുരം: ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഭീഷണിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുഡിഎഫിന് പിന്നിൽ ജമാ അത്തെ ഇസ്ലാമിയാണെന്നും സംസ്ഥാനത്ത് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും ബിജെപി ചിത്രത്തിലില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പോയിന്റ് ബ്ലാങ്കിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് എല്ലാ സീറ്റുകളും തൂത്തുവാരി ജയിക്കും. ബിജെപിക്ക് വോട്ട് കുറയും. സിപിഎമ്മാണ് ആർഎസ്എസിനെ തടഞ്ഞത്. ഭരണാനുകൂല തരംഗം പ്രകടമാണെന്നും തുടർഭരണം തുടർക്കഥയാകുമെന്നും അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷ വോട്ടുകൾ മുഴുവനും എൽഡിഎഫിനായിരിക്കും. അന്തർധാര ആരോപണം കള്ളമാണ്. ഇത്തരത്തിലുള്ള ആരോപണങ്ങളൊന്നും വിലപ്പോവില്ല. കേരളത്തിലെ വിശ്വാസികൾ എൽഡിഎഫിനൊപ്പമാണ്. നിലവിൽ ഭരണ വിരുദ്ധതരംഗമില്ലെന്നും ഭരണത്തിന് അനുകൂലമായ തരംഗമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. ഡിസംബര്‍ 13നായിരിക്കും വോട്ടെണ്ണൽ. നവംബര്‍ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ നൽകാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലായിരിക്കും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴു ജില്ലകളിലും വോട്ടെടുപ്പ് നടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam