
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. വിപ്ലവ തിരുവാതിര നടത്തിപ്പിൽ പഴി കേൾക്കുമ്പോൾ സമ്മേളനത്തിലും ഇത് ചർച്ചയായേക്കും. ജില്ലാ സെക്രട്ടറി സ്ഥാനത്ത് മാറ്റമുണ്ടാകില്ലെങ്കിലും ജില്ലാ കമ്മിറ്റിയിൽ യുവനിരയെത്തും.
സമ്മേളനത്തിന് മുമ്പേ വിവാദമായ സമ്മേളനം. മറ്റ് ജില്ലാ സമ്മേളനങ്ങളിലും തിരുവനന്തപുരം ജില്ലാ സമ്മേളനത്തെ ശ്രദ്ധേയമാക്കുന്നത് ഇതാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുകയും സംഘടനാപ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുകയും ചെയ്യുന്ന സുവർണ്ണഘട്ടത്തിലാണ് കരടായി വിപ്ലവ തിരുവാതിര മാറിയത്. പ്രതിനിധി സമ്മേളനത്തിലും നേതൃത്വം വിമർശനചൂടറിയും. ശിശുക്ഷേമ സമിതിക്കെതിരായ ദത്ത് വിവാദം അതിലെ പാർട്ടി സഹായം, അരുവിക്കര തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ പരാതി, കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മേയർ കെ ശ്രീകുമാറിന്‍റെയും ജില്ലാ കമ്മിറ്റി അംഗം പുഷ്പലതയുടെയും തോൽവി, തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥിരതയാർന്ന പ്രകടനവും സംഘടനാ വളർച്ചയും തുടങ്ങിയവയാണ് ജില്ലയിൽ സിപിഎമ്മിന് തലവേദന.
രണ്ട് ടേം പൂർത്തിയാക്കിയ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഒരു ടേം കൂടി തുടരും എന്നതാണ് ഇപ്പോഴത്തെ ധാരണ. ജില്ലാ സെക്രട്ടറിയേറ്റിൽ രണ്ട് ഒഴിവുകൾ ഒരു വനിതക്കായി അംഗത്വം കൂട്ടുമ്പോൾ മൂന്ന് പേർ എത്തിയേക്കും. നടപടി നേരിട്ട വി കെ മധു ജില്ലാ സെക്രട്ടറിയേറ്റിലേക്ക് മടങ്ങിയെത്തുമോ എന്നതാണ് ജില്ലയിലെ പാർട്ടി സംബന്ധിച്ച ആകാംക്ഷ. സിഐടിയു സംസ്ഥാന സെന്‍റർ അംഗം കെ എസ് സുനിൽകുമാർ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ കമ്മിറ്റിയംഗം എം ജി മീനാംബിക, ഐബി സതീഷ് എംഎൽഎ, കരമന ഹരി തുടങ്ങിയവർ സെക്രട്ടറിയേറ്റിലെത്താൻ സാധ്യതയേറെ.
ജില്ലാ കമ്മിറ്റിയിൽ പുതുനിരയെത്തും. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെപി പ്രമോഷ്, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വിനീഷ്, വട്ടിയൂർക്കാവ് എംഎൽഎയും മുൻ മേയറുമായ വി കെ പ്രശാന്ത് എന്നിവർക്കാണ് മാനദണ്ഡം പ്രകാരം സാധ്യത. മുൻ ഏര്യാസെക്രട്ടറി എംഎൽഎ എന്നീ പരിഗണനയിൽ ജി സ്റ്റീഫനും ജില്ലാക്കമ്മിറ്റിയിൽ എത്തിയേക്കും. വനിതാ പ്രാതിനിധ്യം ഉയർത്തുമ്പോൾ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അമ്പിളി, ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ ഷൈലജാ ബീഗം എന്നിവർക്കും അവസരമൊരുങ്ങും. മേയർ ആര്യാ രാജേന്ദ്രനും സാധ്യതാപട്ടികയിലുണ്ട്. പാറശാലയിൽ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.