വോട്ടുചോര്‍ച്ച പരിശോധിക്കാന്‍ സിപിഎം: ശബരിമല തിരിച്ചടിയായോന്ന് പരിശോധിക്കുമെന്ന് യെച്ചൂരി

By Web TeamFirst Published May 27, 2019, 5:57 PM IST
Highlights

വിശ്വാസി സമൂഹവും മത ന്യൂനപക്ഷങ്ങളും പാര്‍ട്ടിക്ക് എതിരാകുന്നത് തിരിച്ചറിയാൻ കേരള ഘടകത്തിന് സാധിച്ചില്ലെന്ന വിമര്‍ശനം പോളിറ്റ് ബ്യൂറോയില്‍ ഉയര്‍ന്നു. 

ദില്ലി: സിപിഎം ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോര്‍ച്ച വിശദമായി പരിശോധിക്കാൻ പോളിറ്റ് ബ്യൂറോ തീരുമാനിച്ചു. ദേശീയ തലത്തിൽ പാര്‍ട്ടി നേതൃത്വം കോണ്‍ഗ്രസിനോട് സ്വീകരിച്ച മൃദുസമീപനം തിരിച്ചടിക്ക് കാരണമായെന്ന് കേരള ഘടകം പിബിയിൽ ആരോപിച്ചു. അക്കാര്യം കേന്ദ്ര കമ്മിറ്റി പരിശോധിക്കുമെന്ന് സിപിഎം ജന.സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

ശബരിമല പരാജയകാരണമായോ എന്നും പരിശോധിക്കും. സംസ്ഥാന സമിതി 30 മുതൽ 1വരെമെയ്‌  30,  31,  ജൂൺ  1 തിയ്യതികളിൽ കേരള  സംസ്ഥാന  സമിതി യോഗം  ചേരും. യോഗത്തിൽ  താനടക്കമുള്ള  പിബി  അംഗങ്ങൾ  പങ്കെടുക്കുമെന്നും  യെച്ചൂരി അറിയിച്ചു.

 ഇത്തരം കാര്യങ്ങളൊക്കെ വിശദമായി പരിശോധിക്കും. താഴെ തട്ടിൽ നിന്നുള്ള പരിശോധനകൾ നടത്തും- പിബി യോഗത്തിന് ശേഷം യെച്ചൂരി വ്യക്തമാക്കി. വിശ്വാസി സമൂഹവും മത ന്യൂനപക്ഷങ്ങളും പാര്‍ട്ടിക്ക് എതിരാകുന്നത് തിരിച്ചറിയാൻ കേരള ഘടകത്തിന് സാധിച്ചില്ലെന്ന വിമര്‍ശനം പോളിറ്റ് ബ്യൂറോയില്‍ ഉയര്‍ന്നു. ദേശീയ തലത്തിൽ മതേതര സര്‍ക്കാരുണ്ടാക്കാൻ കോണ്‍ഗ്രസിന് മാത്രമെ സാധിക്കൂ എന്ന ചിന്തയും ഇതിൽ പാര്‍ട്ടി ദേശീയ നേതൃത്വം എടുത്ത മൃദുനിലപാടും തിരിച്ചടിക്ക് കാരണമായെന്നാണ് കേരള ഘടകം മറുപടി നൽകിയത്. 

ശബരിമല കേരളത്തിലെ പരാജയകാരണമായോ എന്നതടക്കമുള്ള വിഷയങ്ങൾ വിശദമായി പരിശോധിക്കുമെന്ന് രണ്ട് ദിവസത്തെ പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം ജന.സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ആത്മപരിശോധന നടത്തി മുന്നോട്ടുപോകും. ജനകീയ സമരങ്ങളിലൂടെ സിപിഎം കരുത്തു വര്‍ദ്ധിപ്പിക്കും. കേരളത്തിൽ ഒരു സീറ്റ് മാത്രം കിട്ടിയപ്പോൾ പശ്ചിമബംഗാളിൽ 15 ശതമാനത്തിലധികം പാര്‍ട്ടി വോട്ടുകൾ ബിജെപിയിലേക്ക് പോയി. തൃപുരയിൽ മൂന്നാം സ്ഥാനത്തായി. 

കേരളത്തിലെ സംസ്ഥാന സമിതി യോഗത്തിന് ശേഷം പിബി  അംഗങ്ങൾ ബംഗാളിലെയും തൃപുരയിലെയും യോഗങ്ങളിലും പങ്കെടുക്കും. സംസ്ഥാന സമിതികൾ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ജൂണ്‍ 7 മുതൽ 9 വരെ ചേരുന്ന കേന്ദ്ര കമ്മിറ്റിയും ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ സിപിഐ നേതൃയോഗങ്ങളും ദില്ലിയിൽ ചേര്‍ന്നു.

click me!