
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന-സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ദ്രുതഗതിയിലാക്കി സിപിഎം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരിട്ട് ഘടകക്ഷികളുമായി ഇന്ന് ചര്‍ച്ച നടത്തി. കഴിഞ്ഞ തവണ ജെഡിഎസ് മത്സരിച്ച കോട്ടയം സീറ്റ് കൂടി ഏറ്റെടുത്ത് ഇരുപതില്‍ പതിനാറ് സീറ്റിലും പാര്‍ട്ടി മത്സരിക്കണം എന്നതാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്ന അഭിപ്രായം. പാലക്കാട് സീറ്റ് കൂടി ഏറ്റെടുത്ത് 16 സീറ്റില്‍ മത്സരിക്കാനാണ് മുഖ്യഎതിരാളിയായ കോണ്‍ഗ്രസിന്‍റേയും ശ്രമം.
ഒരു സീറ്റ് കിട്ടിയേ തീരൂ എന്ന കർക്കശ നിലപാട് ജെഡിഎസ് എടുത്തിട്ടുണ്ടെങ്കിലും ഇത് സിപിഎം മുഖവിലയ്ക്കെടുത്തിട്ടില്ല. കഴിഞ്ഞ തവണ പ്രത്യേക സാഹചര്യത്തിലാണ് കോട്ടയം സീറ്റ് ജെഡിഎസിന് കൊടുത്തത് എന്നാണ് സിപിഎം നിലപാട്. കോട്ടയത്തിന് പകരം സീറ്റ് വേണമെന്ന് ജെഡിഎസ് ആവശ്യപ്പെട്ടെങ്കിലും ഉറപ്പൊന്നും നൽകാതെ ചർച്ച തുടരാം എന്നു മാത്രം പറഞ്ഞാണ് ജെഡിഎസ് നേതാക്കളെ മുഖ്യമന്ത്രിയും കൊടിയേരിയും മടങ്ങിയത്.എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്ന വെള്ളിയാഴ്ച്ച ജെഡിഎസ് അവരുടെ ഭാരവാഹി യോഗം വിളിച്ചിട്ടുണ്ട്. സീറ്റ് തരാൻ സിപിഎം വിസമ്മതിക്കുന്ന പക്ഷം സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ നിർത്തും എന്നാണ് ജെഡിഎസ് വൃത്തങ്ങൾ പറയുന്നത്.
വടകര ആവശ്യപ്പെട്ട ലോക് താന്ത്രിക് ജനതാദളുമായി നടത്തിയ ചർച്ചയിലും പ്രത്യേകിച്ച് ഉറപ്പൊന്നും സിപിഎം നൽകിയിട്ടില്ല. ബുധനാഴ്ച്ച ജനാധിപത്യ കേരള കോൺഗ്രസുമായും സിപിഎം ചർച്ച നടത്തുന്നുണ്ട്. കോട്ടയം അല്ലെങ്കിൽ പത്തനംതിട്ട രണ്ടിലേതെങ്കിലും ഒരു സീറ്റ് എന്നതാണ് ഇവരുടെ ആവശ്യം. സീറ്റ് വിഭജനത്തിൽ ഇനി വിട്ടുവീഴ്ച്ച വേണ്ട എന്നതാണ് സിപിഎം നിലപാട് എങ്കിലും ചർച്ചകൾ തുടരും. കേരള കോൺഗ്രസിനുള്ളിൽ മൂർച്ഛിക്കുന്ന മാണി-ജോസഫ് കലഹവും കൂടി അന്തിമ തീരുമാനമെടുക്കും മുൻപ് സിപിഎം പരിഗണിക്കും. എന്തായാലും കൂടുതൽ പ്രശ്നങ്ങളില്ലാതെ ഈ ആഴ്ച്ച തന്നെ ഇരുപത് മണ്ഡലത്തിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാനാവും എന്ന പ്രതീക്ഷയിലാണ് സിപിഎം നേതൃത്വം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam