
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംവരണ കാർഡിറക്കി സംസ്ഥാന സർക്കാർ. ഇടഞ്ഞുനിൽക്കുന്ന എൻഎസ്എസ്സിനെ അനുനയിപ്പിക്കുക കൂടി ലക്ഷ്യമിട്ട് മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താൻ പുതിയ കമ്മീഷനെ വച്ചു. പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ കെഎഎസ്സിലെ രണ്ട് വിഭാഗങ്ങളിൽ കൂടി സംവരണം ഏർപ്പെടുത്തിയേക്കും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
വനിതാ മതിലിന് ശേഷവും പിന്നോക്ക വിഭാഗങ്ങളെ ഒപ്പം നിർത്തിയുള്ള നവോത്ഥാന കൂട്ടായ്മ തുടരുന്ന സർക്കാറിൻറെ ലക്ഷ്യം തെരഞ്ഞെടുപ്പ് നേട്ടമാണ്. പഠിച്ച പണി എല്ലാം നോക്കിയിട്ടും പിടിതരാത്ത എൻഎസ്എസ്സിൻറെ എതിർപ്പ് തണുപ്പിക്കാനാണ് പുതിയ കമ്മീഷൻ. മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാനാണ് റിട്ടയേർഡ് ജില്ലാ ജഡ്ജി കെ.ശശിധരൻനായർ, അഡ്വ.കെ.രാജഗോപാലൻനായർ എന്നിവരെ കമ്മീഷനാക്കിയത്.
മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.ഒപ്പം മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കായുള്ള സ്ഥിരം കമ്മീഷനും പുന:സംഘടിപ്പിച്ചിട്ടുണ്ട്. ശബരിമലപ്രശ്നത്തോടെ ബിജെപിയോട് അടുപ്പത്തിലാണ് എൻഎസ്എസ്. മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് പത്ത് ശതമാനം സംവരണം കേന്ദ്ര പ്രഖ്യാപിച്ചതോടെ ബന്ധം കൂടുതൽ ദൃഡമായി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കമ്മീഷനറെ കാര്യത്തിൽ പക്ഷെ എൻഎസ്എസ് നേതൃത്വം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
പിന്നോക്ക പിന്തുണ ഒന്നുകൂടി ഉറപ്പിക്കലാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ പുതിയ സംവരണ നീക്കം. രണ്ട് സ്ട്രീമുകളിൽ കൂടി സംവരണം ഏർപ്പെടുത്തി വിജ്ഞാപനം പുതുക്കണമെന്ന വിവിധ സംഘടനകളുടെ ആവശ്യത്തോട് പുറം തിരിഞ്ഞു നിന്ന സർക്കാർ തെരഞ്ഞെടുപ്പ് അടുത്തതോടെ അതും സമ്മതിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam