CPM State Conference : സിൽവർലൈനുമായി മുന്നോട്ട്; ഉന്നത വിദ്യാഭ്യാസ രം​ഗത്ത് വിദേശ നിക്ഷേപമാകാമെന്ന് നയംമാറ്റം

Web Desk   | Asianet News
Published : Mar 01, 2022, 07:41 AM ISTUpdated : Mar 01, 2022, 07:57 AM IST
CPM State Conference : സിൽവർലൈനുമായി മുന്നോട്ട്; ഉന്നത വിദ്യാഭ്യാസ രം​ഗത്ത് വിദേശ നിക്ഷേപമാകാമെന്ന് നയംമാറ്റം

Synopsis

ഇനിയുള്ളത് ഇടത് സർക്കാരുകളുടെ കാലമാണ്.  കാലങ്ങളോളം എൽ ഡി എഫ് കേരളം ഭരിക്കും. സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിക്കുന്ന നയരേഖ അടിത്തറ പാകുമെന്നും സി പി എം വ്യക്തമാക്കുന്നു

കൊച്ചി: പ്രഖ്യാപിച്ച വമ്പൻ പദ്ധതികളിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സി പി എം (cpm)സംസ്ഥാന സമ്മേളന റിപ്പോർട്ട്(state conference report). സിൽവർ ലൈനെതിര (silver line project)പെരുപ്പിച്ച് കാട്ടുന്ന പ്രചാരണങ്ങൾ ആണ് നടക്കുന്നതെന്നാണ് സി പി ‌എം സംസ്ഥാന സമ്മേളന റിപ്പോർട്ട് . തടസങ്ങൾ നീക്കി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും സി പി എം സംസ്ഥാന സമ്മേളന റിപ്പോർട്ട് പറയുന്നു. സിൽവർ ലൈൻ പദ്ധതിക്കെതിരെ നാട്ടുകാരും പ്രതിപക്ഷവും പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് സി പി എം വ്യക്തമാക്കുന്നത്.

ന്യൂനപക്ഷ വർഗീയതയെ ശക്തമായി ചെറുക്കണമെന്നാണ് റിപ്പോർട്ട് അടിവരയിട്ട് പറയുന്നത്. ന്യൂനപക്ഷ വർ​ഗീയത നേരിടുന്നതിലെ പാർട്ടിയുടെ നിലപാട് മുന്നാക്ക വിഭാ​ഗങ്ങൾ ഉറ്റു നോക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവരെ‌ക്കൂടി ഒപ്പം നിർത്താൻ ന്യൂനപക്ഷ വർ​ഗീയതയെ ചെറുക്കേണ്ടത് അനിവാര്യമാണെന്നും സി പി എം സംസ്ഥാന സമ്മേളന റിപ്പോർട്ട് പറയുന്നു.

പാർട്ടിയുമായി അകന്ന് നിന്ന ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിക്കൊപ്പം എത്തുന്നുവെന്നാണ് സി പി എം സംസ്ഥാന സമ്മേളന റിപ്പോർട്ട് പറയുന്നത്. എന്നാൽ സ്വത്വ രാഷ്ട്രീയം ദളിത് പിന്നോക്ക വിഭാഗങ്ങളെ അകറ്റുന്നുവെന്നും പാർട്ടി പറയുന്നു. ഇത് നേരിടണമെന്ന് സിപിഎം സമ്മേളന റിപ്പോർട്ട്
വ്യക്തമാക്കുന്നത്.

ഇടതുപക്ഷത്തിൻ്റെ സാംസ്കാരിക രംഗം ശക്തിപ്പെടുത്തണമെന്ന നിർദേശവും ഉണ്ട് സി പി‌ എം സംസ്ഥാന സമ്മേളന റിപ്പോർട്ടിൽ. സാംസ്കാരിക രംഗത്തെ പ്രമുഖർ പോലും ബി ജെ പി വേദികളിലെത്തുന്ന പ്രവണതയുണ്ടെന്നും ഇതിനെ ​ഗൗരകവമായി കാണണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ന് കൊച്ചിയിൽ തുടങ്ങുന്ന സി പി എം സംസ്ഥാന സമ്മേഴളനത്തിലാ‌ണ് ഈ റിപ്പോർട്ട് അവതരിപ്പിക്കുക. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ പ്രവർത്തന റിപ്പോർട്ട് അംഗീകരിച്ചിരുന്നു.

ഇതിനിടെ സി പി എംനയം മാറ്റത്തിന്നൊരുങ്ങുകയാണെന്ന് വ്യക്തമാക്കി എ കെ ബാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.കേരളത്തിൽ ഉന്നത വിദ്യാഭ്യാസ ഹബിന്  തടസമില്ലെന്ന് എ കെ ബാലൻ പറഞ്ഞു. മുന്നണിയുടെ നയത്തിലൂന്നി ഇത് നടപ്പാക്കാം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രം​ഗത്തും വിദേശ നിക്ഷേപമാകാം. വികസന കാര്യത്തിൽ  കടുംപിടുത്തം ആവശ്യമില്ലെന്നും എ കെ ബാലൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഇടത് സർക്കാർ ജനങ്ങളുടേത് ആണ്. പാർട്ടിയുടെ സർക്കാരല്ല ജനങ്ങളുടെ സർക്കാർ ആകുകയാണ് ലക്ഷ്യമെന്നും എ കെ ബാലൻ പറഞ്ഞു. ഭരണത്തിന് കൃത്യമായ അതിർ വരമ്പ് നിശ്ചയിക്കും. ഭരണത്തിൽ പാർട്ടിയുടെ ശുപാർശ കത്തുകൾ അനുവദിക്കില്ലെന്നും എ കെ ബാലൻ പറഞ്ഞു.

ഇനിയുള്ളത് ഇടത് സർക്കാരുകളുടെ കാലമെന്നാണ് എ കെ ബാലൻ പറയുന്നത്.  കാലങ്ങളോളം എൽ ഡി എഫ് കേരളം ഭരിക്കും. സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിക്കുന്ന നയരേഖ അടിത്തറ പാകുമെന്നും എ കെ ബാലൻ വ്യക്തമാക്കി.

കേരളത്തിന്റെ ഭാവി മുന്നിൽ കണ്ടാകും നവകേരള രേഖയെന്ന് എൽ ഡി എഫ് കൺവീനർ എ.വിജയരാഘവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.   പരമാവധി വികസനം ഉറപ്പാക്കൽ ആണ് ലക്ഷ്യം. നയങ്ങളിൽ വെള്ളം ചേർത്താകില്ല സ്വകാര്യ നിക്ഷേപം സ്വീകരിക്കുകയെന്നും എൽ ഡി എഫ് കൺവീനർ എ.വിജയരാഘവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന സെക്രട്ടറി ഇന്നലെ മാധ്യമങ്ങളെ കണ്ടിരുന്നു. സമ്മേളനത്തിന് സി പി എം സ‍ർവ സജ്ജമായെന്ന് വ്യക്തമാക്കിയ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സർക്കാരിന്‍റെ വികസന നേട്ടങ്ങളെക്കുറിച്ചും വിവരിച്ചു. സംസ്ഥാനത്തെ വികസനപദ്ധതികളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായം സ്വരൂപിച്ചാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ഒന്നാം പിണറായി സർക്കാരിന്റെ ആവർത്തനമല്ല രണ്ടാം പിണറായി സർക്കാർ. വികസന  പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകും. സി പി എമ്മിന്റെ ആശയസംഹിതയിൽ ഉറച്ചുനിന്നാണ് സർക്കാർ വികസന പദ്ധതികൾ നടപ്പാക്കുന്നതെന്നും കോടിയേരി അവകാശപ്പെട്ടു.

പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ പദ്ധതികൾ നടപ്പാക്കുന്നതിനെ കുറിച്ചുള്ള വികസനരേഖ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും കോടിയേരി വിശദീകരിച്ചു. കെ റെയിൽ അടക്കമുള്ള വിഷയത്തിൽ സി പി എമ്മിന് ഉള്ളിൽ നിന്നും തന്നെ എതിർപ്പുകളുയരുന്ന സാഹചര്യത്തിലാണ് കോടിയേരിയുടെ വിശദീകരണം. വിഭാഗീയതയും ഗ്രൂപ്പിസവും ഇല്ലാതെ കേന്ദ്രീകൃതമായ സംവിധാനത്തിൽ പ്രവർത്തിക്കുന്ന രീതിയിൽ പാർട്ടി എത്തിയെന്നും കോടിയേരി അവകാശപ്പെടുന്നു.

സി പി എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയിൽ ആണ് തുടക്കമാകുക. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ പ്രവർത്തന റിപ്പോർട്ട് അംഗീകരിച്ചു. റിപ്പോര്‍ട്ട് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കും.  കൊവിഡ് മാർഗരേഖ പാലിച്ചാകും ഇത്തവണ സമ്മേളനം നടക്കുക. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളം ജില്ലയിലേക്ക് പാർട്ടി സമ്മേളനം വീണ്ടുമെത്തുന്നത്.

ഇടതു സർക്കാറിന് ചരിത്രത്തിലാദ്യമായി തുടർഭരണം ലഭിച്ചതിന്‍റെ ആത്മവിശ്വാസത്തോടെയാണ് സി പി എം നേതൃത്വം വീണ്ടും സമ്മേളന നഗരിയിലേക്ക് എത്തുന്നത്. മറൈൻ  ഡ്രൈവിൽ ചെങ്കോട്ടയുടെ മാതൃകയിലൊരുക്കിയ സമ്മേളന നഗരിയിൽ ഇന്ന് പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പൊതു സമ്മേളന നഗരിയിൽ ഇത്തവണ പതാക ഉയർത്തലുണ്ടാകില്ല. ബി രാഘവൻ നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരയാണ് ഉദ്ഘാടനം ചെയ്യുക. 400 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള 50 ഓളം നിരീക്ഷകരുമുണ്ടാകും. സമ്മേളന പ്രതിനിധികൾക്കായി ജില്ലയിലെ 10 ഹോട്ടലുകളിലാണ്  താമസം ഒരുക്കിയിട്ടുള്ളത്.

PREV
Read more Articles on
click me!

Recommended Stories

കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍