CPM State Conference : സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം; 'ചെങ്കോട്ട'യാവാന്‍ കൊച്ചി

By Web TeamFirst Published Mar 1, 2022, 12:29 AM IST
Highlights

മറൈൻ  ഡ്രൈവിൽ ചെങ്കോട്ടയുടെ മാതൃകയിലൊരുക്കിയ സമ്മേളന നഗരിയിൽ ഇന്ന് പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. 

കൊച്ചി: സി പി എം സംസ്ഥാന സമ്മേളനത്തിന് (CPM Kerala State Conference)  ഇന്ന് കൊച്ചിയിൽ തുടക്കമാകും. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ പ്രവർത്തന റിപ്പോർട്ട് അംഗീകരിച്ചു. റിപ്പോര്‍ട്ട് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കും.  കൊവിഡ് മാർഗരേഖ പാലിച്ചാകും ഇത്തവണ സമ്മേളനം നടക്കുക. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് എറണാകുളം ജില്ലയിലേക്ക് പാർട്ടി സമ്മേളനം വീണ്ടുമെത്തുന്നത്.

ഇടതു സർക്കാറിന് ചരിത്രത്തിലാദ്യമായി തുടർഭരണം ലഭിച്ചതിന്‍റെ ആത്മവിശ്വാസത്തോടെയാണ് സി പി എം നേതൃത്വം വീണ്ടും സമ്മേളന നഗരിയിലേക്ക് എത്തുന്നത്. മറൈൻ  ഡ്രൈവിൽ ചെങ്കോട്ടയുടെ മാതൃകയിലൊരുക്കിയ സമ്മേളന നഗരിയിൽ ഇന്ന് പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പൊതു സമ്മേളന നഗരിയിൽ ഇത്തവണ പതാക ഉയർത്തലുണ്ടാകില്ല. ബി രാഘവൻ നഗറിൽ ചേരുന്ന പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരയാണ് ഉദ്ഘാടനം ചെയ്യുക. 400 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള 50 ഓളം നിരീക്ഷകരുമുണ്ടാകും. സമ്മേളന പ്രതിനിധികൾക്കായി ജില്ലയിലെ 10 ഹോട്ടലുകളിലാണ്  താമസം ഒരുക്കിയിട്ടുള്ളത്.

CPI (M) State Conference March 1-4, 2022 in Ernakulam pic.twitter.com/StOmhzmfNs

— CPI(M) Kerala (@CPIMKerala)

സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാന സെക്രട്ടറി ഇന്നലെ മാധ്യമങ്ങളെ കണ്ടിരുന്നു. സമ്മേളനത്തിന് സി പി എം സ‍ർവ സജ്ജമായെന്ന് വ്യക്തമാക്കിയ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സർക്കാരിന്‍റെ വികസന നേട്ടങ്ങളെക്കുറിച്ചും വിവരിച്ചു. സംസ്ഥാനത്തെ വികസനപദ്ധതികളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായം സ്വരൂപിച്ചാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ഒന്നാം പിണറായി സർക്കാരിന്റെ ആവർത്തനമല്ല രണ്ടാം പിണറായി സർക്കാർ. വികസന  പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകും. സി പി എമ്മിന്റെ ആശയസംഹിതയിൽ ഉറച്ചുനിന്നാണ് സർക്കാർ വികസന പദ്ധതികൾ നടപ്പാക്കുന്നതെന്നും കോടിയേരി അവകാശപ്പെട്ടു.

പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ പദ്ധതികൾ നടപ്പാക്കുന്നതിനെ കുറിച്ചുള്ള വികസനരേഖ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും കോടിയേരി വിശദീകരിച്ചു. കെ റെയിൽ അടക്കമുള്ള വിഷയത്തിൽ സി പി എമ്മിന് ഉള്ളിൽ നിന്നും തന്നെ എതിർപ്പുകളുയരുന്ന സാഹചര്യത്തിലാണ് കോടിയേരിയുടെ വിശദീകരണം. വിഭാഗീയതയും ഗ്രൂപ്പിസവും ഇല്ലാതെ കേന്ദ്രീകൃതമായ സംവിധാനത്തിൽ പ്രവർത്തിക്കുന്ന രീതിയിൽ പാർട്ടി എത്തിയെന്നും കോടിയേരി അവകാശപ്പെടുന്നു.

click me!