
തിരുവനന്തപുരം: മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുക്കുന്നതിനിടെ പിണറായി വിജയന് സംരക്ഷണ കവചമൊരുക്കാൻ സിപിഎം. കോൺഗ്രസൊഴികെ ദേശീയ തലത്തിലുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളെ പങ്കെടുപ്പിച്ച് കേരളത്തിൽ പ്രതിഷേധം ശക്തമാക്കും. അരവിന്ദ് കെജ്രിവാളിനെ കേരളത്തിലെത്തിക്കാനും സിപിഎം ശ്രമം തുടങ്ങി. കെജ്രിവാളുമായി സിപിഎം ജനറൽ സെക്രറി എം എ ബേബി കൂടിക്കാഴ്ച നടത്തി.
സിഎംആർഎൽ - എക്സാലോജിക് മാസപ്പടി കേസിൽ സംസ്ഥാന സർക്കാരിന് കത്ത് നൽകി കേസെടുക്കാൻ നിർദേശിച്ചതടക്കം പിണറായി വിജയനും കുടുംബത്തിനും മേൽ കുരുക്ക് മുറുകുമ്പോഴാണ് നിർണായക നീക്കം. എകെജി പഠന ഗവേഷണം കേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സെമിനാറിലേക്കാണ് അരവിന്ദ് കെജ്രിവാളിനെ ക്ഷണിച്ചത്. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ഇന്ന് അരവിന്ദ് കെജ്രിവാളുമായി ദില്ലിയിൽ കൂടികാഴ്ച നടത്തി.
കോൺഗ്രസുമായി ഉടക്കി ഇന്ത്യ സഖ്യം വിട്ട അരവിന്ദ് കെജ്രിവാൾ കേന്ദ്ര ഏജൻസികൾക്കെതിരെ ശക്തമായി സമരരംഗത്തുള്ള നേതാവാണ്. ഇഡി അറസ്റ്റ് ചെയ്ത കേസിൽ പിന്നീട് കോടതി വെറുതെ വിട്ട കെജ്രിവാൾ പിണറായിക്കെതിരായ കേസ് രാഷ്ട്രീയ വേട്ടയാണെന്ന പ്രചാരണത്തിൽ ശക്തമായ മുഖമാകുമെന്ന് പാർട്ടി കരുതുന്നു.
ന്യൂസ്ക്ലിക്കിനെതിരായ കേസിൽ ഇഡി അറസ്റ്റ് ചെയ്ത് ജയിലിലടച്ച പ്രബീർ പുര്‍കായസ്തയേയും കെജ്രിവാളിനൊപ്പം സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പിണറായിക്കൊപ്പം റിയാസിനും വീണയ്ക്കും എതിരെയും നീക്കം സജീവമായ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് കൂടാതെ കോഴിക്കോടും സെമിനാർ സംഘടിപ്പിക്കുന്നത്. 2024ൽ മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ നേതൃത്ത്വത്തിൽ ജന്തർ മന്തറിൽ കേന്ദ്രസർക്കാറിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ നടത്തിയ പ്രതിഷേധത്തിൽ കെജ്രിവാളടക്കം പ്രമുഖ നേതാക്കൾ പങ്കെടുത്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam