
ആലപ്പുഴ: സിപിഎം ബന്ധം ഉപേക്ഷിച്ച് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന നേതാവ് ജി. സുധാകരനെതിരെ പാർട്ടി പ്രതിഷേധം കടുപ്പിക്കുന്നു. സുധാകരന്റെ വീടിരിക്കുന്ന പറവൂർ മേഖലയിൽ വലിയ തോതിലുള്ള ബഹുജന പ്രതിഷേധ പ്രകടനത്തിനാണ് സിപിഎം ഒരുങ്ങുന്നത്. മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദന്റെ വീടിന് മുന്നിൽ നിന്ന് ഇന്ന് വൈകിട്ട് നാലുമണിക്ക് ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം സുധാകരന്റെ വീടിന് സമീപത്തുകൂടി കടന്നുപോകും. ജി സുധാകരനെ 'വർഗവഞ്ചകൻ' എന്നും 'കുലംകുത്തി' എന്നും വിശേഷിപ്പിക്കുന്ന ബാനറുകളും പോസ്റ്ററുകളും പ്രദേശത്ത് ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പുന്നപ്ര പോലീസിന്റെ നേതൃത്വത്തിൽ ജി സുധാകരന്റെ വീടിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ജി. സുധാകരൻ തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്. കാലിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന അദ്ദേഹം നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് ഒരു പൊതുപരിപാടിയിൽ പങ്കെടുത്തത്. രക്തസാക്ഷിയായ തന്റെ സഹോദരൻ ജി. ഭുവനേശ്വരന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിലെ വിജയികൾക്ക് ട്രോഫി വിതരണം ചെയ്യാനാണ് അദ്ദേഹം എത്തിയത്. പാർട്ടിക്കായി ജീവൻ ബലിനൽകിയ തന്റെ സഹോദരനെ പോലും അപമാനിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് പരിപാടിയിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. ജി. സുധാകരന്റെ സ്വതന്ത്ര സ്ഥാനാർത്ഥിത്വം അമ്പലപ്പുഴ മണ്ഡലത്തിൽ സിപിഎമ്മിന് വലിയ വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ആറ് ദശാബ്ദമായി മണ്ഡലത്തിലുള്ള അദ്ദേഹത്തിന്റെ വ്യക്തിപരമായ സ്വാധീനം വോട്ടുകളിൽ വിള്ളലുണ്ടാക്കുമോ എന്ന ഭയം നേതൃത്വത്തിനുണ്ട്. അതുകൊണ്ട് തന്നെ അണികൾ സുധാകരനൊപ്പം പോകുന്നത് തടയാൻ താഴേത്തട്ടിൽ കർശന നിർദ്ദേശമാണ് സിപിഎം നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതോടെ ആലപ്പുഴയിലെ രാഷ്ട്രീയം കൂടുതൽ ചൂടുപിടിക്കുമെന്ന് ഉറപ്പാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam