
തിരുവനന്തപുരം: ദൃശ്യമാധ്യമങ്ങളിലെ ചർച്ചകളിൽ സിപിഎം പ്രതിനിധികൾ പങ്കെടുക്കണോ എന്ന കാര്യത്തിൽ പുനരാലോചനയുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മാധ്യമങ്ങളുടെ സമീപനം ഇങ്ങനെയാണെങ്കിൽ ചർച്ചകളിൽ പങ്കെടുക്കണമോ എന്ന് ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ഇപ്പോൾ തീരുമാനം എടുത്തിട്ടില്ല. കേരളത്തിലെ മാധ്യമങ്ങൾ സിപിഎം വിരുദ്ധവും സർക്കാർ വിരുദ്ധവും മുഖ്യമന്ത്രിക്ക് വിരുദ്ധവുമായാണ് പ്രവർത്തിക്കുന്നതെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. ചില മാധ്യമങ്ങളിലെ ചർച്ചകളിൽ നിന്ന് സിപിഎം മുമ്പും വിട്ടുനിന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും മൊത്തമായി ബഹിഷ്കരിച്ചിട്ടില്ല.
കുട്ടികളെ വെയിലത്തു നിർത്തണ്ട എന്ന് തന്നെയാണ് അഭിപ്രായമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പോകുമ്പോൾ കുട്ടികൾ അഭിവാദ്യം ചെയ്താൽ എന്താണ് തെറ്റ്. കേസ് എടുത്തത് ബാലാവകാശ കമീഷനോട് ചോദിക്കണം. കുട്ടികൾ അഭിവാദ്യം ചെയ്തതിനെ വക്രീകരിച്ചുവെന്നും നവകേരള സദസിനായി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ എംവി ഗോവിന്ദൻ പ്രതികരിച്ചു.
ലീഗിനെ പൊക്കാനുമില്ല താഴ്ത്താനുമില്ല. ജനാധിപത്യപരമായ കാര്യങ്ങളിൽ ലീഗ് ശരിയായ കാര്യങ്ങൾ സ്വീകരിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. നവകേരള സദസിൽ കിട്ടുന്ന എല്ലാ പരാതികൾക്കും പരിഹാരം കാണുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ജന സമ്പർക്ക പരിപാടിയും നവകേരള സദസ്സും തമ്മിൽ താരതമ്യമില്ല. ജനസമ്പർക്ക പരിപാടിയിൽ നൽകിയതിനെക്കാൾ ആറിരട്ടി അനുകൂല്യങ്ങൾ ആണ് ഇപ്പോൾ നൽകുന്നത്. ജനസമ്പർക്കം ചില വ്യക്തികൾക്ക് സഹായം നൽകൽ മാത്രമാണ്. നവകേരള സദസ്സ് അങ്ങനെയല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam