സിപിഎം പാര്‍ട്ടി വോട്ട് ബി.ജെ.പിക്ക് ചോര്‍ന്നു; സംസ്ഥാന സമിതിയില്‍ വിമര്‍ശനം

By Web TeamFirst Published May 31, 2019, 10:09 PM IST
Highlights

ശബരിമലയിലെ നിലപാടില്‍ തെറ്റില്ല. ശബരിമല നിലപാട് മാറ്റേണ്ട. ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ പിന്നോട്ട് പോയാല്‍ സംഘടനതലത്തില്‍ തിരിച്ചടിയുണ്ടാകും

തിരുവനന്തപുരം: സിപിഎമ്മിന്‍റെ പാര്‍ട്ടി വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. പാര്‍ട്ടി വോട്ടുകള്‍ വ്യാപകമായി ബി.ജെ.പിയിലേക്ക് പോയെന്ന് സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നത്.  നഷ്ടമായ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ സജീവ ഇടപെടലുണ്ടാകണെന്നും അഭിപ്രായം ഉയര്‍ന്നു. ബി.ജെപി വളര്‍ച്ച ഗുരുതരമാണ്. അണികള്‍ ബി.ജെ.പിയോട് അടുക്കുന്നത് തടയപ്പെടാന്‍ പ്രായോഗിക സമീപനം വേണമെന്നും സമിതിയില്‍ നിര്‍ദേശം ഉയര്‍ന്നു.

ശബരിമലയിലെ നിലപാടില്‍ തെറ്റില്ല. ശബരിമല നിലപാട് മാറ്റേണ്ട. ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടില്‍ പിന്നോട്ട് പോയാല്‍ സംഘടനതലത്തില്‍ തിരിച്ചടിയുണ്ടാകും. താഴെതട്ടില്‍ പ്രചാരണത്തിലുടെ പ്രതിസന്ധി മറികടക്കാനുള്ള നീക്കമാണ് ആവശ്യം. ശബരിമല യുവതി പ്രവേശനം അനുവദിച്ച് വന്ന വിധി നടപ്പാക്കുന്നതില്‍ കൂടുതല്‍ ജാഗ്രത വേണമായിരുന്നു. ഇതില്‍ വന്ന ജാഗ്രത കുറവ് നഷ്ടമുണ്ടാക്കി. ഇത് ബിജെപി മുതലെടുത്തു. ഇത് കാരണം ബിജെപിയിലേക്ക് വോട്ടുകള്‍ പോയി. പാർട്ടി ശക്തി കേന്ദ്രങ്ങളിലെ തോൽവിയിൽ ബൂത്ത് തലം മുതൽ അന്വേഷണം വേണമെന്നും സംസ്ഥാന സമിതിയില്‍ നിര്‍ദേശം ഉയര്‍ന്നു.

അതേ സമയം തെരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച സിപിഎമ്മിന്‍റെ റിപ്പോർട്ടിൽ ശബരിമലയെക്കുറിച്ച് പരാമർശമില്ല. വിശ്വാസികളിൽ ഒരു വിഭാഗം തിരിച്ചടിയായി എന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാനസമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്ത് തയ്യാറാക്കിയ റിപ്പോർട്ടാണ് കോടിയേരി ഇന്ന് സംസ്ഥാന സമിതിയിൽ അവതരിപ്പിച്ചത്. ഇതിന്‍റെ മുകളില്‍ നടന്ന ചര്‍ച്ചയിലാണ് വിമര്‍ശനം ഉയര്‍ന്നത്.

click me!