
കൊച്ചി : എഐസിസി (AICC) വിലക്ക് ലംഘിച്ച് സിപിഎം (CPM) പാർട്ടി കോൺഗ്രസിലെ (CPM Party congress) സെമിനാറിൽ പങ്കെടുക്കാനുള്ള കെവി തോമസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് സിപിഎം. സെമിനാറിൽ പങ്കെടുക്കുന്നതിന്റെ പേരിൽ കെവി തോമസിനെ പുറത്താക്കണമെന്ന് കോൺഗ്രസിന് തോന്നുന്നത് ദൗർബല്യമാണെന്നും അങ്ങനെ പുറത്താക്കിയെങ്കിൽ അത് ചരിത്രത്തിലാദ്യമാകുമെന്നും എംവി ജയരാജൻ പ്രതികരിച്ചു.
കോൺഗ്രസ് നേതാവായതിനാലാണ് കെ വി തോമസിനെ പാർട്ടി കോൺഗ്രസിന്റെ ദേശീയ സെമിനാറിലേക്ക് സിപിഎം ക്ഷണിച്ചത്. കോൺഗ്രസിന്റെ തിരുമണ്ടൻ തീരുമാനമാണ് കെവി തോമസിനെ വിലക്കിയതെവന്ന് അഭിപ്രായപ്പെട്ട ജയരാജൻ അദ്ദേഹം സെമിനാറിൽ പങ്കെടുക്കുന്നത് സന്തോഷകരമാണെന്നും പ്രതികരിച്ചു. സെമിനാറിലേക്ക് വരാൻ കഴിയില്ലെന്ന് കെവി തോമസ് ഒരിക്കലും പറഞ്ഞിരുന്നില്ല. അതായിരുന്നു തന്റെ ആത്മവിശ്വാസമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
സെക്യുലറിസത്തെ പറ്റി നടക്കുന്ന സെമിനാറിൽ എങ്ങനെയാണ് നെഹറുവിന്റെ പാർട്ടിക്ക് വിലക്ക് ഏർപ്പെടുത്താൻ കഴിയുന്നതെന്ന ചോദ്യവും ജയരാജൻ ഉയർത്തി. സുധാകരന് നേരത്തെ അടി കിട്ടിയതാണ്. തിരുമണ്ടൻ തീരുമാനം സുധാകരനല്ലാതെ മറ്റൊരു മണ്ടന് എടുക്കാൻ കഴിയില്ലെന്നും ജയരാജൻ പരിഹസിച്ചു.
കൊച്ചി: സിപിഎം പാർട്ടി കോൺഗ്രസിലെ ദേശീയ സെമിനാറിൽ പങ്കെടുക്കുന്നുവെങ്കിലും താൻ പാർട്ടിക്ക് അകത്ത് തന്നെയാണെന്ന് കെ വി തോമസ്. എഐസിസി അംഗമായ എന്നെ പുറത്താക്കാൻ സംസ്ഥാന കോൺഗ്രസിന് കഴിയില്ലെന്നും അത് പോലും കേരളത്തിലെ നേതാക്കൾക്കറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കോൺഗ്രസ് പാർട്ടിയുടെ വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള ദേശീയ സെമിനാറിൽ പങ്കെടുക്കുമെന്ന് വാർത്താ സമ്മേളനം വിളിച്ചാണ് കെ.വി.തോമസ് പ്രഖ്യാപിച്ചത്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് ഒന്നിച്ചു പ്രവർത്തിക്കണമെന്നും സിപിഎം തന്നെ ക്ഷണിച്ചത് അവരുടെ പാർട്ടിയിൽ ചേരാനല്ലെന്നും എം.കെ.സ്റ്റാലിനൊപ്പം സെമിനാറിൽ പങ്കെടുക്കാൻ ആണെന്നും കെ.വി.തോമസ് പറഞ്ഞു.
സെമിനാറിൽ പങ്കെടുത്താൽ പാർട്ടിയിൽ നിന്നു പുറത്താക്കും എന്ന ഭീഷണിയാണ് ഞാൻ നേരിട്ടത്. ജന്മം കൊണ്ട് കോൺഗ്രസുകാരനാണ് ഞാൻ. എന്നും പാർട്ടി അച്ചടക്കം പാലിച്ചയാളാണ്. ചില പ്രത്യേക സാഹചര്യത്തിൽ കേരളത്തിൽ സിപിഎമ്മും കോൺഗ്രസും രണ്ട്തട്ടിലാണുള്ളത്. അതുമാറ്റി നിർത്തി ദേശീയസാഹചര്യം മനസിലാക്കി മുന്നോട്ട് പോകണം. ഞാൻ പോകുന്നത് സിപിഎമ്മിലേക്കല്ല. ഒരു സെമിനാറിൽ പങ്കെടുക്കുന്നതിനാണ്. ദേശീയ സാഹചര്യം മനസിലാക്കണമെന്നും കെ വി തോമസ് വിശദീകരിച്ചു.
'പരമാവധി അപമാനിച്ചു, ഇനി വിരട്ടൽ വേണ്ട'; പാർട്ടി വിലക്ക് ലംഘിച്ച് കെ.വി.തോമസ് കണ്ണൂരിലേക്ക്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam