വിലക്കുകൾ അപ്രസക്തം; 76-ാം വയസ്സിൽ പുതിയ മേച്ചിൽപ്പുറം തേടി കെ.വി.തോമസ്

Published : Apr 07, 2022, 12:12 PM IST
വിലക്കുകൾ അപ്രസക്തം; 76-ാം വയസ്സിൽ പുതിയ മേച്ചിൽപ്പുറം തേടി കെ.വി.തോമസ്

Synopsis

പത്ത് ജൻപഥിൽ ഏത് സമയവും കയറി ചെല്ലാൻ തക്ക സ്വാധീനമുണ്ടായിരുന്ന കെ.വി.തോമസിന് രാഹുൽ ഗാന്ധിയുടെ വരവോടെയാണ് അടി തെറ്റി തുടങ്ങിയത്. 

കൊച്ചി: എഐസിസി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ തീരുമാനിച്ചതോടെ ആറുപതിറ്റാണ്ട് നീണ്ട കെ.വി തോമസിൻറെ കോൺഗ്രസ് രാഷ്ട്രീയ ജീവതത്തിന് കൂടിയാണ് വിരാമമാകുന്നത്. നേതൃത്വത്തിൻറെ നിർദേശം അവഗണിച്ചാൽ പാർട്ടിക്ക് പുറത്തായിരിക്കുമെന്ന കർശന താക്കീത് കെപിസിസി അധ്യക്ഷൻ കെ.വി.തോമസിന് നേരത്തെ നൽകിയിരുന്നു. കോൺഗ്രസിലെ തൻറെ പ്രസക്തി എന്തെന്ന് കെവി തോമസിനു തന്നെ സംശയം ഉളളിടത്താണ് പാർടി വിലക്കുകൾ അപ്രസക്തമായതും. 

എറണാകുളം കുമ്പളങ്ങിക്കാരൻ കുറുപ്പശേരി വർക്കി തോമസ് എന്ന കെ വി തോമസ്. തേവര എസ് എച്ച് കോളജിലെ കെമിസ്ട്രി അധ്യാപകനായിരുന്ന തോമസിന് കോൺഗ്രസ് രാഷ്ടീയത്തിലെ ഏതു പ്രതിസന്ധി ഘട്ടത്തേയും തൻറെ വരുതിക്കാക്കാൻ കഴിയുന്ന രസതന്ത്രം അടുത്തകാലം വരെ നല്ല വശമായിരുന്നു. എന്നാൽ രാഹുൽ ഗാന്ധി അടക്കമുളള പുതുതലമുറ കോൺഗ്രസ് നേതൃനിരയുടെ വരവോടെ കെ.വി.തോമസിൻറെ രാഷ്ട്രീയ തന്ത്രങ്ങൾക്ക് രസം പോരെന്ന് തോന്നിത്തുടങ്ങിയിടത്താണ് കാലിടറിയത്. 

കേരളത്തിലെ കോൺഗ്രസിൻറെ പാർലമെൻററി രാഷ്ടീയ ചരിത്രത്തിൽ ദേശിയതലത്തിലും സംസ്ഥാനത്തും പതിറ്റാണ്ടുകൾ വിവിധ പദവികൾ മാറിമാറി കൈയ്യാളിയ നേതാക്കൾ തോമസിനോളം വരില്ല. 84 മുതൽ 96 വരെയും 2009 മുതൽ 2019 വരെയും 22 വ‍ർഷം ലോക്സഭാഗമായി. 2009ൽ കേന്ദ്ര ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രിയായി. 2001 മുതൽ 2009 വരെ എറണാകുളത്തുനിന്ന് നിയമസഭാംഗമായി. സംസ്ഥാനത്തെ എക്സൈസ്, ഫീഷറീസ് , ടൂറിസം മന്ത്രിയായി. അധികാരത്തിൻറെ രസതന്ത്രം നന്നായി അറിയാമായിരുന്നു കെ കരുണാകരൻറെ രാഷ്ട്രീയ കളരിയിൽ നിന്നാണ് കെ വി തോമസിൻറെയും വരവ്. 

കരുണാകരൻറെ എറണാകുളത്തെ വലംകൈയ്യായി മാറിയതോടെ അധികാര രാഷ്ടീയം കെ വി തോമസിനെ വലംചുറ്റി. ലത്തീൻ സമുദായത്തിന് ഭൂരിപക്ഷമുളള എറണാകുളത്ത് അവരിലേക്കുളള കോൺഗ്രസിന്റെ പാലമായി കെ.വി. തോമസ് മാറി. ഇടക്കാലത്ത് ചാരക്കേസിൽ കാലിടറിയെങ്കിലും തിരിച്ചുവന്നു. സോണിയാഗാന്ധിയുടെ ഡൽഹിയിലെ പത്ത് ജൻപഥിൻറെ അടുക്കളപ്പുറത്തും അന്തപ്പുരത്തിലും ഏതുസമയത്തും കയറിച്ചെല്ലാനുളള സ്വാതന്ത്യം തോമസിന് തൻറെ പദവികൾ നിലനിർത്താൻ കാലങ്ങളോളം തുണയായി. 

എന്നാൽ ദില്ലിയിൽ രാഹുൽ യുഗം വന്നതോടെയാണ് കെവി തോമസിന് കാലിടറിയത്. സിറ്റിങ് എംപിമാർക്കെല്ലാം സീറ്റ് നൽകിയിട്ടും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെവി തോമസിനെ ഒഴിവാക്കി. ഇതോടെയാണ് കോൺഗ്രസ് ദേശീയ - സംസ്ഥാന നേതൃത്വങ്ങളുമായി അകൽച്ച തുടങ്ങിയത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സീറ്റിനായി പരിശ്രമിച്ചെങ്കിലും പരിഗണിച്ചില്ല. ഇക്കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിലും തോമസിൻറെ അനുഭവ സമ്പത്തിന് എഐസിസി മുഖം കൊടുത്തില്ല. ഇടക്കാലത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡൻറാക്കിയെങ്കിലും പിന്നീട് ആ കസേരയും തെറിച്ചു. 

2019ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഴിവാക്കപ്പെട്ടതു മുതലാണ് 76കാരനായ തോമസിന് ഇനി നിന്നിട്ടെന്തുകാര്യം എന്ന് തോന്നിത്തുടങ്ങിയത്. അന്നുമുതലാണ് ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ കൂടുവിട്ട് കുടുമാറ്റം നടത്തുമെന്ന പ്രചാരണവും ശകതമായത്. നരേന്ദ്രമോദിയെ മികച്ച മാനേജ്മെൻറ് വിദഗ്ധനെന്നും സിൽവർ ലൈൻ അടക്കമുളള വികസന പദ്ധതികളെ കണ്ണടച്ച് എതിർക്കരുതെന്നും തുറന്നുപറഞ്ഞതോടെയാണ് കോൺഗ്രസിൻറെ വഴിക്കില്ല കെ വി തോമസിൻറെ രാഷ്ടീയ ലൈൻ എന്ന് കൂടുതൽ കൂടുതൽ വ്യക്തമായത്. 

യച്ചൂരിയും കാരാട്ടും പിണറായി വിജയനുമടക്കമുളള മുൻനിര സിപിഎം നേതാക്കളുമായുളള അടുപ്പവും കെ വി തോമസ് സിപിഎമ്മിലേക്കെന്ന പ്രചാരണത്തിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തടക്കം ആക്കം കൂട്ടി. അടുത്തകാലത്തായി കോൺഗ്രസിൽ സജീവമല്ലാത്ത കെ വി തോമസിന് തൻറെ രാഷ്ടീയ പ്രസക്തി നിലനിർത്തേണ്ടതും അത്യാവശ്യമാണ്. എന്നാൽ എക്കാലവും അധികാര രാഷ്ട്രീയത്തെിൻറെ സ്വാദ് നുകരാനിഷ്ടപ്പെടുന്ന കെ വി തോമസ് കോൺഗ്രസ് പാളയം വിട്ട് എവിടേക്ക് പോയാലും ഒന്നും കാണാതെ ചുമ്മാതങ്ങ് പോകില്ലെന്ന് കരുതുന്നവരുമുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിൽ അത് കോടതിയുടെ ബോധ്യം': കോടതിയോട് ബഹുമാനമെന്ന് സത്യൻ അന്തിക്കാട്
പി ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി; വിഷയം അക്കാദമിക്ക് മുന്നിലെത്തി; പരാതി കിട്ടിയിരുന്നുവെന്ന് കുക്കു പരമേശ്വരൻ