
കണ്ണൂർ: കണ്ണൂർ ലോക്സഭാ സീറ്റ് തിരിച്ചുപിടിക്കാൻ സിപിഎം ഇക്കുറി ആരെ കളത്തിലിറക്കും? കെ.കെ.ശൈലജ മുതൽ ജോൺ ബ്രിട്ടാസ് വരെയുളളവർ അഭ്യൂഹങ്ങളിലുണ്ട്. കോൺഗ്രസ് പട്ടിക കൂടി പരിഗണിച്ചാകും അവസാന പേരിലേക്ക് സിപിഎം എത്തുക. കണ്ണൂർ ജില്ല പാർട്ടി കോട്ടയെങ്കിലും കണ്ണൂർ ലോക്സഭാ സീറ്റ് സിപിഎമ്മിന്‍റെ കയ്യിലിരിക്കുന്നതല്ല. തുടർച്ചയായി അഞ്ച് തെരഞ്ഞെടുപ്പുകളിൽ മുല്ലപ്പളളിയുടെ തേരോട്ടത്തിന് ശേഷം അബ്ദുളളക്കുട്ടിയിലൂടെ 1999ൽ പിടിച്ചെടുത്ത മണ്ഡലമാണത്. പിന്നീട് പി.കെ.ശ്രീമതിയിലൂടെയും ജയം. തോറ്റുപോയത് കെ.സുധാകരന് മുന്നിലാണ്, രണ്ട് തവണ.
കാറ്റ് എതിരായാലും കരുത്തരെ ഇറക്കിയാൽ കണ്ണൂർ കയ്യിൽ പോരുമെന്ന് ഇത്തവണ സിപിഎം കണക്കുകൂട്ടുന്നു. 2021 നിയമസഭയിൽ ഏറ്റവും വലിയ ഭൂരിപക്ഷം കിട്ടിയ മണ്ഡലവും മുഖ്യമന്ത്രിയുടെ മണ്ഡലവുമെല്ലാമുൾപ്പെടുന്ന കണ്ണൂർ സീറ്റിൽ ജയത്തിൽ കുറഞ്ഞത് ഇക്കുറി ചിന്തയിലില്ല. സ്ഥാനാർത്ഥി ചർച്ചകളിലും അഭ്യൂഹങ്ങളിലും പല പേരുകളുണ്ട്. കഴിഞ്ഞ രണ്ട് തവണയും സുധാകരനോട് ഏറ്റുമുട്ടിയ പി.കെ.ശ്രീമതി. ഒരു തവണ ജയിച്ചു. ഒരിക്കൽ വീണു. വീണ്ടുമൊരു ലോക്സഭാ പോരാട്ടത്തിന് മുതിർന്ന നേതാവിനെ സിപിഎം ഇറക്കുമോ?
വടകരയിൽ പറഞ്ഞുകേൾക്കുന്ന കെ.കെ.ശൈലജയെ കണ്ണൂരിൽ മത്സരിപ്പിക്കുമെന്ന അഭ്യൂഹങ്ങളും ശക്തം. എംഎൽഎയായി തിളങ്ങിയ ടി.വി.രാജേഷ് സാധ്യതാപട്ടികയിൽ മുൻനിരയിൽ. കാസർകോടേക്കല്ലെങ്കിൽ രാജേഷിന് കണ്ണൂരിൽ സീറ്റുണ്ടായേക്കാം. യുവപ്രാതിനിധ്യം വന്നാൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യയും പരിഗണനയിലെത്തും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജിനും സാധ്യതയുണ്ട്.
മണ്ഡലത്തിൽ സാന്നിധ്യമറിയിക്കുന്ന ജോൺ ബ്രിട്ടാസ് എംപിയും സ്ഥാനാർത്ഥിയായേക്കാമെന്ന് കണ്ണൂരിലെ കേൾവി. എതിരാളിയെക്കൂടി നോക്കിയാവും സിപിഎമ്മിന്‍റെ സ്ഥാനാർത്ഥി തെരഞ്ഞെടുപ്പ്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam