
കോട്ടയം: പാലായിലുള്‍പ്പടെ കേരളാ കോണ്‍ഗ്രസ് തോറ്റ മണ്ഡലങ്ങളില്‍ പ്രവര്‍ത്തകര്‍ കാലുവാരിയെന്ന ജോസ് കെ മാണിയുടെ പരാതി സിപിഎം നേതൃത്വം ഗൗരവായി എടുക്കുന്നു. രണ്ടംഗ കമ്മീഷന്‍ ജോസിന്‍റെ പരാതി അന്വേഷിക്കും. സിപിഎം തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ജോസ് കെ മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ആകെ മത്സരിച്ച 12 സീറ്റില്‍ ജയിച്ചത് അഞ്ചിടത്ത്. പാലായിലും കടുത്തുരുത്തിയിലും ഉള്‍പ്പടെ അപ്രതീക്ഷിത തോല്‍വിയാണ് ഉണ്ടായത്.
ജോസ് കെ മാണി ഉള്‍പ്പടെ തോറ്റതിന് പിന്നില്‍ സിപിഎം പ്രാദേശിക പ്രവര്‍ത്തകര്‍ നിസഹകരിച്ചത് കൊണ്ടാണെന്ന് കേരളാ കോണ്‍ഗ്രസിന് പരാതി ഉണ്ടായിരുന്നു. എല്‍ഡിഎഫില്‍ ജോസ് ഇക്കാര്യം പ്രത്യേകം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. കോട്ടയത്തേയും എറണാകുളത്തേയും കേരളാ കോണ്‍ഗ്രസ് തോല്‍വിയാണ് സിപിഎം പ്രത്യേകം അന്വേഷിക്കുന്നത്. പാലായില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുൻപ് മുൻസിപ്പാലിറ്റിയിലെ തമ്മിലടി ഉള്‍പ്പടെ പരിശോധിക്കും.
കേരളാ കോണ്‍ഗ്രസ് വോട്ടുകള്‍ കൊണ്ടാണ് മധ്യകേരളത്തില്‍ പലയിടത്തും സിപിഎം സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. എന്നാല്‍ തിരിച്ച് വേണ്ടത്ര സഹകരണം ഉണ്ടായില്ല. പിറവത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോല്‍ക്കുമെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ പ്രചാരണം നടത്തി. പെരുമ്പാവൂരില്‍ ഒരു മുതിര്‍ന്ന സിപിഎം നേതാവ് തന്നെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാൻ മുന്നിട്ടിറങ്ങി. പാലായില്‍ സിപിഎം സംസ്ഥാന നേതൃത്വം നേരിട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇങ്ങനെ പോകുന്നു ജോസിന്‍റെ പരാതികള്‍.
കുറ്റ്യാടി സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ട് നല്‍കുന്നതിനെതിരെ പരസ്യ പ്രതിഷേധം നടത്തിയതിന് കെപി കുഞ്ഞഹമ്മദ് കുട്ടി എംഎല്‍എയെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അത്തരത്തില്‍ മറ്റ് ജില്ലകളിലും നടപടി ഉണ്ടാകുമോ എന്നാണ് കേരളാ കോണ്‍ഗ്രസ് ഉറ്റുനോക്കുന്നത്. വരുന്ന ചൊവ്വാഴ്ച ചേരുന്ന കേരളാ കോണ്‍ഗ്രസ് സ്റ്റീയറിംഗ് കമ്മിറ്റിയും തോല്‍വി ചര്‍ച്ച ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam