
കണ്ണൂര്‍ : പയ്യന്നൂരിൽ അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്ത സി പി എം വനിതാ പഞ്ചായത്ത് അംഗത്തെ ബ്രാഞ്ച് അംഗം കൈയേറ്റം ചെയ്തതായി പരാതി. കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് അംഗവും സി പി എം പ്രവർത്തകയുമായ ഷീബ ദിവാകരനാണ് പരാതിയുമായി രംഗത്ത് വന്നത്. അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭർത്താവിനെ ചില പ്രാദേശിക നേതാക്കള്‍ ഇടപെട്ട് കള്ളകേസിൽ കുടുക്കി ജയിലിലടച്ചെന്നും ആക്ഷേപമുണ്ട്. പ്രാദേശിക നേതാക്കളുടെ പകപോക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് ഷീബ ജില്ലാ നേതൃത്വത്തെ സമീപിച്ചു.
കഴിഞ്ഞ മാസം 12ന് ആലപ്പടമ്പയില്‍ അനധികൃതമായി മണ്ണെടുക്കുന്നത് പഞ്ചായത്തംഗമായ ഷീബ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അറിയിച്ചതനുസരിച്ചാണ് സ്ഥലത്തെത്തിയതെന്ന് ഷീബ പറയുന്നു. സി പി എം ബ്രാഞ്ച് അംഗമായ കുഞ്ഞികൃഷ്ണന്‍റെ നേതൃത്വത്തിലായിരുന്നു മണ്ണെടുപ്പ്. ഇത് ചോദ്യം ചെയ്തപ്പോള്‍ കൈയേറ്റം ചെയ്തതായും ഷീബ പറഞ്ഞു.
ഇതിനിടെ ഭര്‍ത്താവിനേയും സഹോദരനേയും ഇയാള്‍ ആക്രമിച്ചു. പെരിങ്ങോം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ചില സി പി എം നേതാക്കളുടെ സമ്മര്‍ദം മൂലം ആദ്യം കേസെടുക്കാന്‍ തയ്യാറായില്ല. എന്നാല്‍ കുഞ്ഞികൃഷ്ണന്‍റെ പരാതിയില്‍ വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഭർത്താവിനെ ജയിലിലടച്ചതായും ഷീബ പറഞ്ഞു. തനിക്കും കുടുംബത്തിനും ചില സി പി എം പ്രാദേശിക നേതാക്കളുടെ ഭീഷണിയുണ്ടെന്ന് ഷീബയുടെ ഭര്‍ത്താവ് ദിവാകരന്‍ പറഞ്ഞു. സംഭവത്തില്‍ സി പി എം ജില്ലാ സെക്രട്ടറിക്ക് ഷീബ പരാതി നല്‍കി. അതേ സമയം ആലപ്പടമ്പയില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന്‍റെ ഓഫീസ് നിര്‍മ്മാണത്തിനായി ട്രസ്ററിന്‍റെ പ്രവര്‍ത്തകരാണ് മണ്ണെടുത്തതെന്നും പാര്‍ട്ടിക്ക് സംഭവവുമായി ബന്ധമൊന്നുമില്ലെന്നുമാണ് സി പി എമ്മിന്‍റെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam