
കോഴിക്കോട്: കോഴിക്കോട് തിക്കോടി ടൗണിൽ സിപിഎം പ്രവർ ത്തകരുടെ കൊലവിളി പ്രകടനം. ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്. വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും എന്നും പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.
മുഖ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനെതിരെ സംസ്ഥാന വ്യാപകമായി ഇടത് അണികളും തെരുവിലിറങ്ങിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്‍റെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. ഇന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെയും ആക്രമണം നടന്നു.
കെഎസ്‍യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷണന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് നേരെ ഇന്നലെ രാത്രി ബിയർ കുപ്പികൾ എറിഞ്ഞു. ആക്രമണത്തിൽ വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നു. ശാസ്ത്രമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം കൊടി കത്തിച്ചത് അനന്തകൃഷ്ണനായിരുന്നു.
'ക്ഷമയുടെ നെല്ലിപ്പടിയിൽ നിൽക്കുകയാണ് എൻ്റെ കുട്ടികൾ', അവരെ പ്രകോപിപ്പിക്കരുതെന്ന് സുധാകരൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വസതിയിൽ അക്രമിച്ച് കയറി വധിക്കാൻ ശ്രമിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഞങ്ങളുടെ പാർട്ടി ഓഫീസുകളെ, ഞങ്ങളുടെ കുട്ടികളെ, ഞങ്ങളുടെ പ്രതിപക്ഷ നേതാവിനെ ആക്രമിച്ച് സമരം ഇല്ലാതാക്കാമെന്ന് സിപിഎം കരുതേണ്ടെന്നും സുധാകരൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സമരങ്ങളുടെ തീച്ചൂളകൾ കടന്നു വന്നവരാ ഞങ്ങൾ. ക്ഷമയുടെ നെല്ലിപ്പടിയിൽ നിൽക്കുകയാണ് എൻ്റെ കുട്ടികൾ. ഇനിയും അവരെ പ്രകോപിപ്പിക്കരുതെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകി. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്.
പ്രതിപക്ഷ നേതാവിനെ വഴി നടത്താൻ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ച സിപിഎം ഗുണ്ടാസംഘം അദ്ദേഹത്തിൻ്റെ ഔദ്യോഗിക വസതിയിൽ അക്രമിച്ച് കേറി വധശ്രമം നടത്തിയെന്നും ഉന്നത രാഷ്ട്രീയ നേതാക്കൾ വരെ ആക്രമിക്കപ്പെടുന്ന നിലയിലേയ്ക്ക് ക്രമസമാധാന പാലനം തകർന്നിരിക്കുന്നുവെന്നും സുധാകരൻ ആരോപിച്ചു. കോൺഗ്രസ് സമരം ചെയ്യുന്നത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കള്ളക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രിക്കെതിരെയാണ്. അതിനെ നേരിടാൻ ഇവിടെ പൊലീസുണ്ട്. പൊലീസിനും പൊലീസ് മന്ത്രിക്കും കഴിവില്ലാത്തത് കൊണ്ടാണോ സിപിഎം ഗുണ്ടകൾ മുഖ്യമന്ത്രിക്ക് വേണ്ടി തെരുവിലറങ്ങുന്നതെന്നും സുധാകരൻ ചോദിച്ചു. സ്വർണ്ണക്കള്ളക്കടത്തും കറൻസി കടത്തും നടത്തിയ പിണറായിയെ ബിജെപി രക്ഷിക്കാൻ നോക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Read Also: വിമാനത്തിലെ പ്രതിഷേധം; വിമാന കമ്പനിയുടെ ആഭ്യന്തര സമിതി അന്വേഷിക്കുമെന്ന് ഡിജിസിഎ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam