
കോഴിക്കോട്: കോഴിക്കോട് തിക്കോടിയില്‍ കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി പ്രകടനം നടത്തിയ സംഭവത്തില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന് പരാതി നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ദുൽഖിഫിലാണ് ഇമെയില്‍ വഴി പരാതി അയച്ചത്. ഷുഹൈബിനെയും കൃപേഷിനെയും ഓർമ്മയില്ലേ എന്ന മുദ്രാവാക്യം ഉയർത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്. വല്ലാണ്ടങ്ങ് കളിച്ചാൽ വീട്ടിൽ കയറി കൊത്തിക്കീറും എന്നും പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയിരുന്നു.
അതേസമയം, കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊലവിളി പ്രകടനത്തിനെതിരെ പയ്യോളി പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കലാപ ആഹ്വാനം, ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം, അന്യാമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പയ്യോളി പൊലീസ് അറിയിച്ചു. കോണ്‍ഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്‍റ് രാജീവന്‍ മാസ്റ്ററുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.