യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു അന്തരിച്ചു

By Web TeamFirst Published Nov 4, 2020, 8:46 AM IST
Highlights

വിദ്യാർത്ഥി സമരങ്ങളിലെ മുൻനിരപോരാളിയായിരുന്ന പി ബിജു സിപിഎമ്മിലെ സൗമ്യസാന്നിധ്യമായിരുന്നു. എസ്എഫ്ഐ - ഡിവൈഎഫ്ഐ നേതൃത്വങ്ങളിൽ ശ്രദ്ധനേടിയ ബിജു പാർലമെന്‍ററി രംഗത്ത് നിന്നും മാറി സംഘടനാ രംഗത്തായിരുന്നു ചുവടുറപ്പിച്ചത്

തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ബിജുവിന്റെ വൃക്കകൾ പ്രവർത്തനരഹിതമായിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായിരുന്നുവെങ്കിലും കൊവിഡ് ബാധ ആന്തരികാവയവങ്ങൾക്കേൽപ്പിച്ച ആഘാതമാണ് മരണത്തിലേക്ക് നയിച്ചത്. ഇന്ന് രാവിലെ 8:15ന് ഹൃദയാഘാതം ഉണ്ടായി. സിപിഎം തിരുവനന്തപുരം  ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്നു പി ബിജു.

വിദ്യാർത്ഥി സമരങ്ങളിലെ മുൻനിരപോരാളിയായിരുന്ന പി ബിജു സിപിഎമ്മിലെ സൗമ്യസാന്നിധ്യമായിരുന്നു. എസ്എഫ്ഐ - ഡിവൈഎഫ്ഐ നേതൃത്വങ്ങളിൽ ശ്രദ്ധനേടിയ ബിജു പാർലമെന്‍ററി രംഗത്ത് നിന്നും മാറി സംഘടനാ രംഗത്തായിരുന്നു ചുവടുറപ്പിച്ചത്. സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനായിരിക്കെയാണ് ഏവരെയും ഞെട്ടിച്ചുള്ള വിയോഗം.

ഒരു കാലത്ത് കേരളം ശ്രദ്ധിച്ച വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ ബുദ്ധികേന്ദ്രവും  നായകനുമായിരുന്നു പി ബിജു. ശാരീരിക പരിമിതികൾ പോലും മറികടന്നായിരുന്നു ആർട്സ് കൊളേജിലെ സാധാരണ പ്രവർത്തകനിൽ നിന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വരെയുള്ള വളർച്ച. പ്രവർത്തകരുടെ അമിതാവേശത്തിൽ കൈവിടുന്ന സമരങ്ങളെ നിലക്ക് നിർത്താനുള്ള ആജ്ഞാ ശക്തി. സിപിഎം വിഭാഗീയ നാളുകളിലും എസ്എഫ്ഐയെ ഒരു കുടക്കീഴിൽ നിർത്തിയ നേതൃപാടവം. പ്രവർത്തകർക്കെന്നും ആവേശമായിരുന്നു ബിജു. 

ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ ആയതിന് പിന്നാലെയാണ് സംസ്ഥാന യുവജന ക്ഷേമ ബോർഡ് ഉപാദ്ധ്യക്ഷ പദത്തിലേക്ക് എത്തുന്നത്. വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ച് യുവജനക്ഷേമ ബോർഡിലും പി ബിജു ശ്രദ്ധ നേടി. സമരങ്ങളിലെ തീപ്പൊരി നേതാവ് മാധ്യമ ചർച്ചകളിൽ എന്നും സൗമ്യസാന്നിദ്ധ്യമായിരുന്നു.

വിദ്യാർത്ഥി-യുവജനപ്രസ്ഥാനങ്ങളിൽ ഒപ്പമുണ്ടായിരുന്ന പലരും പാർലമെൻ്ററി രംഗത്തേക്ക് മാറുമ്പോഴും സംഘടന തന്നെ തട്ടകമാക്കിയായിരുന്നു ബിജുവിൻ്റെ പ്രവർത്തനം. ഏതു പ്രതിസന്ധിയിലും പാർട്ടിക്ക് മുന്നിൽ നിർത്താൻ കഴിയുന്ന യുവനേതാവാണ് അകാലത്തിലെ വിടവാങ്ങിയത്.

click me!