
മലപ്പുറം: കുവൈറ്റ് ദുരന്തത്തിൽ മരിച്ച മലപ്പുറം പുലാമന്തോളിലെ ബാഹുലേയൻ്റെ മൃതദേഹം ഷൊർണൂർ ശാന്തിതീരം പൊതുശ്മശാനത്തിൽ സംസ്ക്കരിച്ചു. തിരൂർ കൂട്ടായി സ്വദേശി നൂഹിൻ്റെ മൃതദേഹം വീടിനു സമീപത്തെ ജുമാ മസ്ജിദ് കബർസ്ഥാനിൽ നൂറുകണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തിൽ ഖബറടക്കി.
ബാഹുലേയൻ്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ വീട്ടുകാരും ബന്ധുക്കളും മാത്രമല്ല ആശ്വസിപ്പിക്കാനെത്തിയ നാട്ടുകാരും പൊട്ടിക്കരഞ്ഞു. അവർക്കെല്ലാം അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു ബാഹുലേയൻ. ഭാര്യയും പ്രായമായ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇദ്ദേഹം. നാട്ടിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തടക്കം സജീവമായിരുന്ന ബാഹുലേയൻ അഞ്ചു വർഷം മുമ്പാണ് ജോലിക്ക് കുവൈറ്റിലേക്ക് പോയത്. അവധിക്ക് നാട്ടിലെത്തുമ്പോഴും പൊതു പ്രവർത്തനത്തിൽ സജീവമായിരുന്നു ഈ യൂത്ത് കോൺഗ്രസ് നേതാവ്. ഒരു വർഷം മുമ്പാണ് അവസാനമായി അനാട്ടിൽ വന്നു പോയത്. ഈ ഓണത്തിന് നാട്ടിലേക്ക് വരാനിരിക്കെയായിരുന്നു അപ്രതീക്ഷിത വിയോഗം. വീട്ടിലെത്തിച്ച മൃതദേഹത്തിൽ ജനപ്രതിനിധികളടക്കം നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു
11 വർഷത്തിലധികമായി പ്രവാസിയായിരുന്ന തിരൂർ കൂട്ടായി കോതപറമ്പ് സ്വദേശി നൂഹ് രണ്ടു മാസം മുൻപാണ് അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് പോയത്. ഹൃദ്രോഗിയായിരുന്നിട്ടും കടബാധ്യതയെ തുർടർന്നായിരുന്നു നൂഹ് പ്രവാസം തുടർന്നത്. ഭാര്യയും മൂന്ന് പെൺകുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന നൂഹ്. അപകട സമയത്ത് കൂടെ താമസിച്ചിരുന്നവർക്ക് രക്ഷപെടാൻ മുന്നറിയിപ്പ് നൽകിയ നൂഹിന് പക്ഷെ സ്വന്തം ജീവൻ രക്ഷിക്കാനായില്ല. കൂട്ടായി റാത്തീബ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നൂറുകണക്കിനാളുകളുടെ സാന്നിദ്ധ്യത്തിലാണ് നൂഹിനെ ഖബറടക്കിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam