പിഎസ്‍സി പരീക്ഷാ തട്ടിപ്പിൽ സുപ്രധാന തെളിവുകൾ ക്രൈംബ്രാഞ്ചിന്, പ്രതികളുടെ ജാമ്യാപേക്ഷ കോടതിയിൽ

By Web TeamFirst Published Sep 24, 2019, 8:33 AM IST
Highlights

യൂണിവേഴ്സിറ്റി കോളേജ് ആക്രമണക്കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് ഇന്ന് ഈ കേസിലും കൂടി ജാമ്യം ലഭിച്ചാൽ പുറത്തിറങ്ങാൻ സാധിക്കും. 

തിരുവനന്തപുരം: പിഎസ്‍സി ക്രമക്കേടുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. പരീക്ഷ നടന്ന ദിവസം പ്രതികൾ എസ്എംഎസിലൂടെ കൈമാറിയ ഉത്തരങ്ങൾ പൂർണ്ണമായും ഹൈടെക് സെല്ലിന്റെ സഹായത്തോടെ വീണ്ടെടുത്തു. അതിനിടെ പ്രതികളായ ശിവരഞ്ജിത്ത്,നസീം എന്നിവരുടെ ജാമ്യ അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.

പ്രതികളായ ഗോകുലും സഫീറും ശിവരഞ്ജിത്, പ്രണവ്, നസീം എന്നിവ‍ർക്കയച്ച സന്ദേശങ്ങളാണ് ക്രൈം ബ്രാഞ്ചിന് കിട്ടിയത്. സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞതിനാൽ സന്ദേശങ്ങൾ വീണ്ടെടുക്കുക ശ്രമകരമായിരുന്നു. പ്രതികൾ മൊബൈൽ ഫോൺ നശിപ്പിക്കുകയും ചെയ്തിരുന്നു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഹൈടെക് സെൽ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഇതോടെ കോപ്പിയടിക്ക് നിർണ്ണായക തെളിവാണ് ക്രൈംബ്രാ‍ഞ്ചിന് കിട്ടിയിരിക്കുന്നത്.

പരീക്ഷാഹാളിൽ നിന്നും ഇവർക്ക് ചോദ്യപേപ്പർ ചോർത്തി നൽകിയവരെ കുറിച്ചും പൊലീസിന് വ്യക്തമായ വിവരം കിട്ടിയിട്ടുണ്ട്. സംശയിക്കുന്ന ആൾ നിലവിൽ ഒളിവിലാണ്. ക്രമക്കേടിൽ പങ്കുളള മറ്റ് ചിലരേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. കേസിലെ കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കും. 

പ്രതികളായ ശിവരഞ്ജിത്തിന്റേയും നസീമിന്റേയും ജാമ്യാപേക്ഷ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുക. കുത്തുകേസിൽ കഴിഞ്ഞ ദിവസം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു. പിഎസ്‍സി കേസിൽ കൂടി ജാമ്യം ലഭിച്ചാൽ പ്രതികൾക്ക് പുറത്തിറങ്ങാൻ കഴിയുന്ന സാഹചര്യമാണ്.

click me!