മരട്: വിജിലന്‍സ് കേസ് തടസമായി; ഗോൾഡൻ കായലോരം ഉടമകൾക്കെതിരെ ക്രൈംബ്രാഞ്ചിന് കേസെടുക്കാനായില്ല

By Web TeamFirst Published Oct 26, 2019, 9:22 AM IST
Highlights

4 വർഷം മുൻപ് വിജിലൻസ് എടുത്ത് കേസ് ആണ് തടസ്സമാകുന്നത്

കൊച്ചി: മരട് ഫ്ലാറ്റ് വിഷയവുമായി ബന്ധപ്പെട്ട് കെട്ടിട നിർമാണ കമ്പനിയ്ക്കെതിരെ കേസ് എടുക്കുന്നതിൽ ആശയക്കുഴപ്പം. ഗോൾഡൻ കായലോരം  ഉടമകൾക്കെതിരെ ക്രൈംബ്രാഞ്ചിന് കേസ് എടുക്കാനായില്ല. 4 വർഷം മുൻപ് വിജിലൻസ് എടുത്ത് കേസ് ആണ് തടസ്സമാകുന്നത്.

പുതിയ കേസ് എടുക്കുന്നതിന് വിജിലൻസ് കേസ്  തടസമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ക്രൈംബ്രാഞ്ച് അന്വേഷണം മൂന്ന് ഉടമകൾക്കെതിരെ മാത്രമാണ് നടക്കുന്നത്. 2015ലെ വിജിലൻസ് കേസ് കൈമാറാൻ നടപടി ആവശ്യപ്പെട്ട് ക്രൈംബ്രാ‌ഞ്ച് കത്ത് നൽകിയിട്ടുണ്ട്.

അതേസമയം മരട് ഫ്ലാറ്റ് കേസിൽ എല്ലാ ഉടമകൾക്കും 25 ലക്ഷം രൂപം നഷ്ടപരിഹാരമായി നൽകണമെന്ന് സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രത്യേകം ഉത്തരവിറക്കാമെന്ന് ഫ്ലാറ്റുടമകൾ നൽകിയ ഹ‌‌ർജിയിൽ സുപ്രീം കോടതി അറിയിച്ചു. അതേ സമയം ഫ്ലാറ്റുകൾ പൊളിക്കാനുള്ള ഉത്തരവിൽ നിന്ന് പുറകോട്ട് പോകില്ലെന്നും കോടതി ആവർത്തിച്ചു.

ഉത്തരവ് ഉത്തരവ് തന്നെയാണ്, അതിൽ നിന്ന് പിറകോട്ട് പോകില്ല. അത് നടപ്പാക്കുക തന്നെ ചെയ്യും കോടതി വ്യക്തമാക്കി. എല്ലാ ഫ്ളാറ്റുടമകൾക്കും 25 ലക്ഷം വീതം നൽകണമെന്നാണ് ജസ്റ്റിസ് അരുൺ മിശ്രയുടെ നി‌ർദ്ദേശം. രേഖകളിൽ കുറ‍ഞ്ഞ നിരക്കുള്ളവ‌‌ർക്കുും 25 ലക്ഷം രൂപ നൽകണമെന്നാണ് നി‌ർദ്ദേശിച്ചിട്ടുള്ളത്. ഫ്ലാറ്റുടമകൾക്ക് നൽകേണ്ട തുക നി‌ർമ്മാതാക്കൾ കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. തൽക്കാലം ഇതിനായി 20 കോടി രൂപ നി‌ർമ്മാതാക്കൾ കെട്ടിവയ്ക്കണെന്നും കോടതി നിർദ്ദേശിച്ചു.

കോടതി നിയമിച്ച റിട്ട ഹൈക്കോടതി ജഡ്ജി കെ ബാലകൃഷ്ണൻ നായര്‍ അധ്യക്ഷനായുള്ള സമിതി ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകിവരികയാണ്. ഇതുവരെ 10 കോടി 87 ലക്ഷം രൂപ വിതരണം ചെയ്തു. ഫ്ലാറ്റുടമകൾ നൽകുന്ന രേഖകൾ പ്രകാരമാണ് നഷ്ടപരിഹാരം നൽകുന്നത്. പല ഫ്ലാറ്റുടമകളുടെയും രേഖകളിൽ കുറഞ്ഞ തുകമാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.

click me!