
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress assault case) അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ദിലീപ് (Dileep) അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് സംവിധായകൻ നാദിർഷായെ (Nadirsha) ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്ന് മണിക്കൂർ ചോദ്യം ചെയ്യൽ നീണ്ടുനിന്നു. ഉദ്യോഗസ്ഥരെ കൊല്ലാനുള്ള പദ്ധതി ദിലീപ് പങ്കുവെച്ചിരുന്നോ എന്നാണ് പ്രധാനമായും അന്വേഷിച്ചത്. ദിലീപിന്റെ അടുത്ത സുഹൃത്താണ് നാദിർഷ. ദിലീപിന് അനുകൂലമായി നേരത്തെ ഫേസ്ബുക്കിലൂടെയടക്കം നാദിർഷ പ്രതികരിച്ചിരുന്നു. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ദിലീപിന്റെ ചാർട്ടേട് അക്കൗണ്ടന്റിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. കണക്കിൽ പെടാത്ത ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ഇദ്ദേഹത്തോട് ചോദിച്ചറിഞ്ഞതായാണ് വിവരം.
കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരൻ അനൂപിനോട് തിങ്കളാച ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് അനൂപിനോട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. നോട്ടീസും കൈപ്പറ്റിയില്ല. ഇതോടെ ഇവരുടെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് പതിച്ചു. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിനേയും ദിലീപിനെയും അടുത്ത ദിവസം വിളിക്കും. ഈ പ്രതികളുടെ ഫോൺ പരിശോധന ഫലം ഉടൻ ലഭിക്കും. കേസിൽ ഇത് നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
അതേ സമയം, വധഗൂഢാലോചനാ കേസിൽ, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആർ നിലനിൽക്കില്ലെന്നും പ്രതികൾ ഹർജിയിൽ പറയുന്നു.''ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി. ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചന നടന്നത് ". കേസ് റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെടുന്നു. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിറകെയാണ് എഫ്ഐആർ റദ്ദാക്കണമെന്ന ഹർജിയുമായി ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്.
Actress Attack Case: നടിയെ ആക്രമിച്ച കേസിന് നാളെ 5 വർഷം;വിചാരണ നീളുന്നു;ചുരുളറിയാത്ത സംശയങ്ങളേറെ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam