കോർപറേഷൻ കത്ത് വിവാദം: ക്രൈം ബ്രാഞ്ച് അന്വേഷിക്കും, ഡിജിപി ഉത്തരവിട്ടു

By Web TeamFirst Published Nov 22, 2022, 8:39 AM IST
Highlights

കേസെടുത്ത് അന്വേഷണം നടത്താൻ ഡിജിപി ഉത്തരവിട്ടതും ഈ സാഹചര്യത്തിലാണ്. അതിനിടെ മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇന്ന് നഗരസഭ യോഗം ചേരും

തിരുവനന്തപുരം: കോർപറേഷൻ കത്ത് വിവാദത്തിൽ ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണം നടത്തും. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്താണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യാജരേഖ ചമയ്ക്കലിന് കേസെടുത്തായിരിക്കും അന്വേഷണം നടത്തുക. ഏത് യൂണിറ്റ് കേസ് അന്വേഷിക്കുമെന്ന കാര്യം ക്രൈം ബ്രാഞ്ച് മേധാവിയാകും തീരുമാനിക്കുക. സംഭവത്തിൽ നേരത്തെ ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് പൊലീസ് മേധാവി ഉത്തരവിട്ടത്.

മേയർ ആര്യ രാജേന്ദ്രൻെറ പേരിൽ പ്രചരിക്കുന്ന കത്തിൻെറ ശരിപ്പകർപ്പ് കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ആരാണ് കത്ത് തയ്യാറാക്കിയതെന്ന് കണ്ടെത്താൻ കേസെടുത്ത് അന്വേഷണം വേണമെന്നാണ് റിപ്പോർട്ടിൽ ക്രൈം ബ്രാഞ്ച് ശുപാർശ ചെയ്തത്. കേസെടുത്ത് അന്വേഷണം നടത്താൻ ഡിജിപി ഉത്തരവിട്ടതും ഈ സാഹചര്യത്തിലാണ്. അതിനിടെ മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഇന്ന് നഗരസഭ യോഗം ചേരും. കഴിഞ്ഞ യോഗം പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിർത്തിവയ്ക്കേണ്ടിവന്നിരുന്നു.

click me!