ചോദ്യം ചെയ്യലിന് ഹാജരാകണം; മരട് ഫ്ലാറ്റ് നിർമാതാക്കൾക്ക് ക്രൈംബ്രാഞ്ചിന്‍റെ നോട്ടീസ്

By Web TeamFirst Published Oct 14, 2019, 10:34 AM IST
Highlights

 ആൽഫാ വെഞ്ചേഴ്‌സ് ഉടമയാണ് നാളെ ഹാജരാകേണ്ടത്. ഹോളി ഫെയ്ത്ത് ഫ്ലാറ്റ്, ജെയിൻ കോറൽ കേവ് കെട്ടിട നിർമ്മാതാക്കൾക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

കൊച്ചി: മരടിലെ ഫ്ലാറ്റ് നിർമ്മാതാക്കളെ ക്രൈംബ്രാ‌ഞ്ച് നാളെ ചോദ്യംചെയ്യും. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട്, ആൽഫാ വെഞ്ച്വേഴ്സിന് നിർമ്മാതാവിന് ക്രൈംബ്രാ‌ഞ്ച് നോട്ടീസയച്ചു. ഹോളി ഫെയ്ത്, ജെയിൻ കോറൽ കേവ് കെട്ടിട നിർമ്മാതാക്കൾക്കും നോട്ടീസയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചതിന് പിന്നാലെ ആൽഫാ വെഞ്ചേഴ്‌സ് ഉടമ പോൾ രാജ് കോടതിയെ സമീപിച്ചു. മുൻ‌കൂർ ജാമ്യം തേടി ജില്ലാ സെഷൻസ് കോടതിയെയാണ് പോൾ രാജ് സമീപിച്ചത്.

അതേസമയം, മരടിലെ ഫ്ലാറ്റ് ഉടമകൾക്ക്‌ നഷ്ട പരിഹാരം നിർണയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റി ഇന്ന് വീണ്ടും ചേരും. നേരത്തെ യോഗം ചേർന്ന സമിതി ഉടമസ്ഥാവകാശ രേഖ ഹാജരാക്കാത്ത ഫ്ലാറ്റ് ഉടമകൾക്ക്  രേഖകൾ ഹാജരാക്കാൻ ഒരാഴ്ചത്തെ സമയം നീട്ടി നൽകിയിട്ടുണ്ട്. ഇതുവരെ 241 പേരാണ് നഗരസഭയ്ക്ക് രേഖകൾ കൈമാറിയത്. സ്ഥലത്തിനും കെട്ടിടത്തിനുമായി ഫ്ലാറ്റ്  നിർമാതാക്കൾക്ക് നൽകിയ യഥാർത്ഥ തുക ഉള്‍കൊള്ളിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാനും സമിതി ഫ്ലാറ്റ് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നഗരസഭയും പ്രമാണങ്ങൾ പരിശോധിച്ച് ഇടക്കാല റിപ്പോർട്ട്‌ സമിതിക്ക് കൈമാറും.

എന്നാല്‍, ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായുള്ള പരിസരവാസികളുടെ യോഗം ഇന്ന് നടത്തില്ല. ആൽഫാ വെഞ്ച്വേഴ്സ്, ജെയിൻ ഫ്ലാറ്റുകളുടെ സമീപവാസികളുടെ  യോഗമായിരുന്നു ഇന്ന് നടക്കേണ്ടത്. ഇന്നലെ വിളിച്ച യോഗത്തിൽ നാട്ടുകാരുടെ  ബഹളം ഉണ്ടായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് യോഗം മാറ്റിയത്. ഫ്ലാറ്റ് പൊളിക്കുമ്പോൾ എത്ര ദൂരത്തിൽ പ്രത്യാഘാതം ഉണ്ടാകും, കുടുംബങ്ങളെ എങ്ങനെ പുനരധിവസിപ്പിക്കും തുടങ്ങിയ കാര്യങ്ങളില്‍ വിശദീകരണം നൽകുന്നതിനാണ് യോഗം ചേരുന്നത്.

click me!