
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ അന്വേഷണം തുടരുന്നു. കേസുമായി ബന്ധപ്പെട്ട് ഷാജുവിന്‍റെ സഹോദരി ഷീനയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ആൽഫൈന്‍റെ മരണം അന്വേഷിക്കുന്ന തിരുവമ്പാടി സിഐയാണ് ഷീനയുടെ മൊഴി രേഖപ്പെടുത്തിയത്. കോട്ടയത്ത് താമസിക്കുന്ന ഷീനയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.
ജോളി വിഷം നൽകി കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഷാജുവിന്റെയും സിലിയുടെയും മകള്‍ ആൽഫൈന് ഭക്ഷണം നൽകിയത് താനാണെന്ന് ഷീന മൊഴി നൽകി. സിലിയുടെ നിർദേശ പ്രകാരം ആൽഫൈന് ഭക്ഷണം നൽകിയത് താനാണെന്നും പക്ഷേ, അപ്പോള്‍ ഒരു സംശയവും തോന്നിയിരുന്നില്ലെന്നുമാണ് ഷീന മൊഴി നല്‍കിയത്.
ജോളിയെ റവന്യു ഉദ്യോഗസ്ഥർ വഴിവിട്ട് സഹായിച്ചുവെന്ന ആരോപണത്തിൽ ലാൻഡ് ട്രിബ്യൂണൽ തഹസിൽദാർ ജയശ്രീയുടെ മൊഴി ഇന്നെടുക്കും. ഡെപ്യൂട്ടി കളക്ടർ സി ബിജുവാണ് മൊഴിയെടുക്കുക. വ്യാജരേഖകൾ ഉപയോഗിച്ച് നികുതിയടക്കാൻ ജോളിയെ സഹായിച്ചെന്ന ആരോപണത്തെത്തുടർന്നുള്ള വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഇത് മൂന്നാം വട്ടമാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്. ഷാജുവും അച്ഛൻ സക്കറിയയും വടകര റൂറൽ എസ് പി ഓഫീസിൽ ഹാജരായി. പൊലീസ് കസ്റ്റഡിയിലുള്ള ജോളിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
ഇതിനിടെ, കൂടത്തായി കൊലപാതക പരമ്പരയിലെ പരാതിക്കാരനും, മരിച്ച ടോം തോമസിന്‍റെ ഇളയമകനുമായ റോജോ നാട്ടിലെത്തി. പൊലീസ് അകമ്പടിയോടെയാണ് റോജോയെ കോട്ടയത്ത് എത്തിച്ചത്. അന്വേഷണസംഘം ആവശ്യപ്പെട്ട പ്രകാരമാണ് റോജോ അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയത്. കുടംബത്തിലെ ആറുപേരുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസമാണ് റോജോ പൊലീസില്‍ പരാതി നൽകിയത്. അതേസമയം, പൊലീസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി ജോളിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
Read More: കൂടത്തായി കൊലപാതക പരമ്പര വെളിച്ചത്ത് കൊണ്ടുവന്ന പരാതിക്കാരന്‍: റോജോ നാട്ടിലെത്തി
കൂടത്തായി പൊന്നാമറ്റം വീട്ടിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. വിരലടയാള വിദഗ്ധർ, ഫോറൻസിക് വിദഗ്ധർ, വിഷ ശാസ്ത്ര വിദഗ്ധർ എന്നിവരടങ്ങുന്ന എട്ടംഗ സംഘമാണ് പരിശോധന നടത്തുക. ഐസിറ്റി വിഭാഗം പൊലീസ് സൂപ്രണ്ട് ഡോ. ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കോഴിക്കോട്ടെത്തിയിരുന്നു.